അഞ്ച് കോടി മുടക്കി ഓണത്തിന് സ്വതന്ത്ര ഒടിടി എത്തിക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍

അഞ്ച് കോടി മുടക്കി ഓണത്തിന് സ്വതന്ത്ര ഒടടി പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകളിലെ സിനിമ പ്രദര്‍ശനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര ഒടിടി എന്ന നൂതന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒടിടി ഓണത്തിനാണ് സേവനം ആരംഭിക്കുക. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി ഒടിടി സംവിധാനം കൊണ്ടുവരുന്നത്.

അഞ്ച് കോടിയോളം രൂപ മുതല്‍ മുടക്കുള്ള പദ്ധതിയുടെ റിപ്പോര്‍ട്ട് കെ.എസ്.എഫ്.ഡി.സി ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. അംഗീകാരം ലഭിച്ചാല്‍ വിശദപദ്ധതി രേഖ തയ്യാറാക്കും.

സിനിമകള്‍ നിര്‍മ്മാതാക്കളില്‍ നിന്നും പൂര്‍ണമായും (എക്സ്ക്ലൂസീവ് റൈറ്റ്സ്) വില കൊടുത്തു വാങ്ങുന്നതിന് പകരം പ്രദര്‍ശനത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയാവും സര്‍ക്കാര്‍ ഒടിടിയില്‍ നിര്‍മ്മാതാക്കള്‍ക്ക് പങ്കുവെക്കുക. ഒടിടിയിലെ സിനിമ കാഴ്ച്ചക്കാരുടെ എണ്ണത്തിന് അനുസരിച്ച് ആയിരിക്കും നിര്‍മ്മാതാക്കള്‍ക്ക് പണം നല്‍കുക. ഇത് വമ്പന്‍ ഒടിടികള്‍ നടത്തിവരുന്ന ‘പേ പര്‍ വ്യൂ’ സംവിധാനത്തിന് സമാനമാണ്.

സിനിമകള്‍ പുറത്തിറങ്ങി അതിവേഗം തന്നെ ടെലിഗ്രാം അടക്കമുള്ള ആപ്പുകളിലൂടെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങുന്നതിനാല്‍ ഒടിടി വഴിയുള്ള മലയാള സിനിമ ആസ്വാദകര്‍ വളരെ കുറവ് ആയിരിക്കും എന്നാണ് മുന്‍കാല അനുഭവം. പുതിയ തീരുമാനത്തില്‍ നിര്‍മ്മാതാക്കളുടെ നിലപാട് നിര്‍ണായകം ആയിരിക്കും.

തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍, തിയേറ്റര്‍ കിട്ടാന്‍ ബുദ്ധിമുട്ടുന്ന അവാര്‍ഡ് ചിത്രങ്ങള്‍, ചിത്രാഞ്ജലി പാക്കേജില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ ഒടിടി ഗുണകരമാകും.

കൊവിഡ് ലോക്ക്ഡൗണ്‍ വന്നതിനു തൊട്ടുപിന്നാലെയാണ് സിനിമകള്‍ വ്യാപകമായി ഒടിടി വഴി പുറത്തിറക്കി തുടങ്ങിയത്. ജയസൂര്യ നായകനായ ‘സൂഫിയും സുജാതയു’മാണ് ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ട ആദ്യ മലയാള ചിത്രം. പിന്നീട് ഫഹദ് ഫാസിലിന്റെ ‘സീ യൂ സൂണ്‍’, ‘ജോജി’, ‘ഇരുള്‍’ എന്നീ ചിത്രങ്ങളും മോഹന്‍ലാലിന്റെ ‘ദൃശ്യം 2’വും ഒടിടി വഴി ആദ്യമായി പുറത്തിറങ്ങി. ഫഹദ് ഫാസില്‍ നായകനായ ‘മാലിക്’, പൃഥ്വിരാജ് നായകനായ ‘കോള്‍ഡ് കേസ്’ എന്നിവയാണ് ഒടിടിയില്‍ ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ ചിത്രങ്ങള്‍.

Comments: 0

Your email address will not be published. Required fields are marked with *