അത്താഴം അല്പം നേരത്തെയാവാം ; ഗുണങ്ങള്‍ ഏറെ

നിങ്ങള്‍ക്ക് രോഗിയാകണോ? വേണ്ടെങ്കില്‍ രാത്രിഭക്ഷണം വൈകിക്കേണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. ജോലികളെല്ലാം ഒതുക്കിയതിനു ശേഷം രാത്രിയിലെ ഭക്ഷണം കഴിച്ച് കിടക്കാമെന്നു കരുതിയാല്‍ രോഗത്തെ വീട്ടിലേക്ക് ക്ഷണിക്കുന്നതിന് തുല്യമാകും ആ ചിന്ത. അമിതവണ്ണം ഉള്‍പ്പെടെ നിരവധി അസുഖങ്ങള്‍ക്കാണ് ഇത് വഴിവെക്കുക.

അത്താഴം ഒരുപാട് വലിച്ചുവാരി കഴിക്കണമെന്നില്ല. പക്ഷെ അത് കഴിക്കുന്ന സമയം കൃത്യമായിരിക്കണം. മാത്രമല്ല, അവഗണനയും പാടില്ല. ഒരു ദിവസത്തെ അവസാന ഭക്ഷണം രാത്രി എട്ടു മണിക്കു മുന്‍പായി കഴിക്കുന്നതാണ് ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുക.

കിടക്കുന്നതിനു മുന്‍പായി ആഹാരം കഴിച്ചാല്‍ ഭക്ഷണത്തിലെ കലോറി ശരിയായ രീതിയില്‍ മാറ്റപ്പെടില്ല. അവ ഫാറ്റിആസിഡുകളായി നിലനില്‍ക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കു കാരണമാകാം.

രാത്രി ഭക്ഷണം നേരത്തേയാക്കുമ്പോള്‍ ഉറങ്ങുന്നതിനു മുന്‍പായി ഇത് ഗ്ലൂക്കോസായി മാറാന്‍ ആവശ്യമായ സമയം ലഭിക്കും. ഇത് പ്രമേഹം വരാതിരിക്കാനുള്ള സാധ്യത കുറയ്ക്കും.

കിടക്കുന്നതിന് തൊട്ടുമുമ്പായി ആഹാരം കഴിച്ചാല്‍ ദഹനപ്രക്രിയ ഉറക്കസമയത്ത് ആയിരിക്കും നടക്കുക. ഇത് ഉറക്കമില്ലായ്മയ്ക്ക് വഴിവെക്കും. എട്ട് മണിക്കു മുന്‍പായി ആഹാരം കഴിച്ച് ഏകദേശം രണ്ടു മണിക്കൂറിനകം ഉറങ്ങാന്‍ കിടന്നാല്‍ ദഹനപ്രക്രിയ വളരെ വേഗത്തില്‍ നടക്കും. ഇത് കലോറി ഫാറ്റിആസിഡായി മാറാതെ ശരിയായ രീതിയില്‍ എരിച്ചു കളയാന്‍ ഇടയാക്കും. അതുവഴി അമിതവണ്ണം ഉണ്ടാകുന്നത് തടയാനുമാകും.

Comments: 0

Your email address will not be published. Required fields are marked with *