അന്ന് ആ വഴിയരികില്‍ കൈക്കുഞ്ഞുമായി നാരങ്ങാവെള്ളം വിറ്റു ; ഇന്ന് അതേയിടത്ത് എസ്‌ഐ ആയെത്തി ; ഇതാണ് ആനി

നിശ്ചയദാര്‍ഢ്യം കൊണ്ടും തളരാത്ത ആത്മവീര്യം കൊണ്ടും സമൂഹത്തിന് മാതൃകയാകുന്നവര്‍ നമുക്കിടയിലുണ്ട്. വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ഉയര്‍ന്നു പറക്കാന്‍ കരുത്തേകുന്ന ഒരു മാതൃകയാണ് ആനി എന്ന പെണ്‍കരുത്ത്. വര്‍ക്കല എസ്‌ഐ ആണ് ഇപ്പോള്‍ ആനി എന്ന യുവതി.

തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം സ്വദേശിനിയാണ് ഇവര്‍. എസ്‌ഐ ആയി ഔദ്യോഗിക വാഹനത്തിലൂടെ വര്‍ക്കല ചുറ്റുമ്പോള്‍ ആ ഇടങ്ങളൊക്കെയും വലിയ ഓര്‍മ്മകള്‍ കൂടി സമ്മാനിക്കുന്നുണ്ട് ആനിക്ക്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേ വഴിയോരങ്ങളില്‍ നാരാങ്ങാവെള്ളവും ഐസ്‌ക്രീമും വിറ്റുനടന്നയാളാണ് ആനി. അതും കൈയില്‍ തന്റെ പിഞ്ചോമനയുമായി.

ഡിഗ്രി കാലത്ത് പ്രണയിച്ചു വിവാഹം കഴിച്ച ആനി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവുമായി പിരിഞ്ഞു. എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയപ്പോള്‍ അവിടെയും കയറ്റിയില്ല. അങ്ങനെ ആനിയും മകനും ഒറ്റയ്ക്കായി. പക്ഷെ വെല്ലുവിളികള്‍ക്ക് മുന്‍പില്‍ തോല്‍വി സമ്മതിക്കാന്‍ ആനി തയ്യാറായിരുന്നില്ല. ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടിയാണ് അക്കാലയളവില്‍ വഴിയോരത്ത് നാരങ്ങാവെള്ളവും ഐസ്‌ക്രീമുമൊക്കെ അവര്‍ വിറ്റത്.

ഒഴിവു സമയങ്ങളില്‍ ആനി നന്നായി പഠിച്ചു. 2016ല്‍ കോണ്‍സ്റ്റബിളായി ജോലിക്ക് കയറിയ ആനി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയില്‍ എസ്‌ഐ ആയി മാറിയിരിക്കുകയാണ്. പ്രതിസന്ധികളുണ്ടാകുമ്പോള്‍ തളര്‍ന്നു പോകുന്നവര്‍ക്ക് വീണ്ടും ഉയര്‍ന്നു പറക്കാന്‍ കരുത്താവുകയാണ് ആനിയുടെ ഈ ജീവിതം.

Comments: 0

Your email address will not be published. Required fields are marked with *