അമ്മയുടെ പഴയ സാരി, മേക്കപ്പ് ചെയ്തത് സ്വന്തമായി ; യാമിയുടെ വിവാഹത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ

ബോളിവുഡ് നടി യാമി ഗൗതമിന്റെയും സംവിധായകൻ ആദിത്യ ധറിന്റെയും വിവാഹം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ജൂൺ 4ന് യാമിയുടെ ജന്മനാടായ ഹിമാചൽ പ്രദേശിലെ മണ്ഡിയില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹ ചടങ്ങ് ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ ലളിതമായാണ് നടത്തിയത്. ചടങ്ങ് മാത്രമല്ല യാമിയുടെ ഒരുക്കവും വളരെ ലളിതം ആയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

അമ്മയുടെ ഒരു പഴയ സാരിയാണ് യാമി തന്റെ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ചുവപ്പു നിറത്തിലുള്ള സാരിയിൽ യാമി അതീവ സുന്ദരി ആയിരുന്നു. മേക്കപ്പ് ചെയ്യുന്നതിനും യാമി മറ്റാരെയും ആശ്രയിച്ചില്ല. സ്വയം അണിഞ്ഞൊരുങ്ങിയാണ് താരം ചടങ്ങിന് എത്തിയത്.

2009ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ ഹീറോ എന്ന മലയാളം ചിത്രത്തിൽ യാമി ആയിരുന്നു നായിക. ഭൂത് പൊലീസ് ആണ് യാമിയുടെ പുതിയ ചിത്രം.

‘ഉറി : ദ് സർജിക്കൽ സ്ട്രൈക്ക്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിൽ റോ ഏജന്റ് ആയി യാമിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിക്കി കൗശല്‍ നായകനായി എത്തുന്ന ഇമ്മോർട്ടൽ അശ്വാഥ്മ എന്ന ചിത്രമാണ് ആദിത്യ ഇപ്പോൾ സംവിധാനം ചെയ്യുന്നത്.

Comments: 0

Your email address will not be published. Required fields are marked with *