അസഹനീയമായ വേദന അനുഭവിച്ച ദിവസങ്ങള്‍ ; തളര്‍ന്നുപോയ സമയത്തെ കുറിച്ച് കരീന കപൂര്‍

സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ബോളിവുഡില്‍ തിളങ്ങിയ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് സെയ്ഫ് അലി ഖാനുമായുളള കരീനയുടെ വിവാഹം നടന്നത്. 2012ലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് 2016ല്‍ മകന്‍ തൈമൂര്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തി.

ജനനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രനാണ് തൈമൂര്‍.
കരീനയ്ക്കും സെയ്ഫിനുമൊപ്പം തൈമൂറിന്‌റെ വിഷേഷങ്ങള്‍ അറിയാനും എല്ലാവരും കാത്തിരുന്നു. തൈമൂറിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ടാമത്തെ മകനും താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തി.

ഫിറ്റ്‌നസിന്‌റെ കാര്യത്തില്‍ എല്ലാം അതീവ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് കരീന. തൈമൂറിന് ജന്മം നല്‍കിയ ശേഷം തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിരുന്നു കരീന. തുടര്‍ന്ന് സിനിമകളില്‍ അഭിനയിച്ച് വീണ്ടും നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ കരീന പങ്കുവെക്കാറുണ്ട്. പണ്ടുമുതലേ മെലിഞ്ഞ ശരീര പ്രകൃതിയുളള താരമാണ് കരീന. എന്നാല്‍ പ്രസവത്തിനു ശേഷം താരത്തിന് വണ്ണം വെച്ചു.

അതേസമയം രണ്ടാമത്തെ പ്രസവേഷം താന്‍ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി ഇപ്പോള്‍ തുറന്നു പറയുകയാണ് കരീന. നടിയുടേതായി വന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് കരീന ഇക്കാര്യം പറയുന്നത്. ‘രണ്ടാമത്തെ ഗര്‍ഭധാരണത്തിനു ശേഷം ഭയങ്കരമായ ശരീര വേദന ഉണ്ടായിരുന്നു’വെന്ന് നടി തന്റെ പോസ്റ്റില്‍ പറയുന്നു. അത് കുറഞ്ഞത് സ്ഥിരമായി യോഗ ചെയ്തതിലൂടെയാണ് എന്നും കരീന പറഞ്ഞു. യോഗയിലൂടെയുളള തന്‌റെ യാത്ര ആരംഭിക്കുന്നത് 2006ലാണ് എന്ന് നടി പറയുന്നു.

‘എന്നാല്‍ രണ്ടാമത്തെ പ്രസവത്തിന് ശേഷം ഞാന്‍ തളര്‍ന്നുപോയി. തിരിച്ചുവരാന്‍ കഴിയാത്തത്ര വേദനയാണ് അനുഭവിച്ചത്. പക്ഷെ ഇന്ന് ഞാന്‍ പതുക്കെ പതുക്കെ തിരിച്ചെത്തുന്നു. സ്ഥിരമായി യോഗ ചെയ്യുന്നതാണ് ഇതിന് എന്നെ സഹായിച്ചതെ’ന്ന് നടി പറഞ്ഞു. സ്ഥിരതയാണ് യോഗയില്‍ പ്രധാനമെന്നും കരീന കപൂര്‍ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *