ആക്രിയിൽ നിന്നും സീപ്ലെയിൻ ഉണ്ടാക്കി ആസംകാരൻ

ഈ ലോക്ക്ഡൗണ്‍ കാലത്ത് നിരവധി അത്ഭുതങ്ങൾ നാം കണ്ടു. പലരുടെയും ആഗ്രഹങ്ങൾ സഫലമായത് കണ്ടു. മറഞ്ഞുകിടന്നിരുന്ന കഴിവുകൾ തെളിഞ്ഞുവരുന്നത് കണ്ടു. അത്തരത്തിലൊരു അതിശയകരമായ കഥയാണ് ആസമിലെ ബുബുൽ സൈകിയക്ക് പറയാനുള്ളത്.

ആസമിലെ ജോർഹട്ട് ജില്ലയിലെ ചോരൈപാനി ഗ്രാമത്തിലാണ് ബുബുൽ സൈകിയ താമസിക്കുന്നത്. മിതമായ സാങ്കേതിക പരിജ്ഞാനം മാത്രമുള്ള അദ്ദേഹം ഇപ്പോൾ ആക്രി വസ്തുക്കളിൽ നിന്ന് ഒരു സീപ്ലെയിൻ നിര്‍മ്മിച്ചിരിക്കുകയാണ്.

ആകാശത്ത് ഉയരത്തിൽ പറക്കണമെന്ന് ബുബുൽ സൈകിയ എപ്പോഴും സ്വപ്നം കണ്ടിരുന്നു. സ്വപ്നം നിറവേറ്റുന്നതിനായി സ്വന്തമായി ഒരു വിമാനം നിർമ്മിക്കാനും പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ തന്റെ സമയവും ഊർജ്ജവും ഈ പദ്ധതിക്കായി നീക്കിവച്ച അദ്ദേഹത്തിന് ഒടുവിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.

‘എന്റെ സ്വപ്നം നിറവേറ്റാൻ ഞാൻ എന്റെ സ്വന്തം പണം ചെലവഴിച്ച് ഒരു സീപ്ലെയിൻ നിർമ്മിച്ചു. ഒരു ബജാജ് പൾസർ 220യുടെ എന്‍ജിനാണ് ഈ സീപ്ലെയിനിൽ ഞാൻ ഉപയോഗിച്ചിരിക്കുന്നത്. ഞാൻ വിമാനത്തിന്റെ മറ്റ് ഭാഗങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ബുബുൾ സൈകിയ ഇന്ത്യ ടുഡേയോട് പറഞ്ഞു. ‘രാവിലെ മുതൽ രാത്രി വരെ ഈ പ്രോജക്റ്റിന്റെ തിരക്കിലായിരുന്നു ഞാൻ. ഇതിനായി ഞാൻ രണ്ട് ലക്ഷം രൂപ ചിലവഴിച്ചു. എനിക്ക് ഉടൻ തന്നെ ഇത് പറപ്പിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സീപ്ലെയിൻ ആദ്യം വെള്ളത്തിൽ കയറിയപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.’ ബുബുൽ സൈകിയ കൂട്ടിച്ചേർത്തു.

Comments: 0

Your email address will not be published. Required fields are marked with *