ആദ്യ മുസ്ലിം കഥകളി സംഗീതജ്ഞന്റെ ജീവിതകഥ പറയുന്ന ചിത്രം ‘കലാമണ്ഡലം ഹൈദരാലി’ നീസ്ട്രീമില്‍ എത്തി

കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘കലാമണ്ഡലം ഹൈദരാലി’ നീസ്ട്രീമിലെത്തി. ദൈവം എന്നാല്‍ സ്നേഹം ആണെന്ന് പാടിയ മഹാഗായകന്‍ ആയിരുന്നു കലാമണ്ഡലം ഹൈദരാലി. ജാതി – മത – വര്‍ണ്ണ വിവേചനങ്ങള്‍ക്ക് അതീതമാണ് കലയെന്ന് തെളിയിച്ച യഥാര്‍ത്ഥ കലാകാരന്‍ ആയിരുന്നു അദ്ദേഹം. കഥകളി രംഗത്ത് പ്രവര്‍ത്തിച്ച കലാകാരന്റെ മതേതരത്വം നിറഞ്ഞ ജീവിതത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കിരണ്‍ ജി നാഥാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും വരുന്ന ഹൈദര്‍ എന്ന ബാലന്‍ പിന്നീട് ലോകപ്രശസ്തനായ കലാമണ്ഡലം ഹൈദരാലിയായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കഥകളി സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ഹൈദരാലി ഹൈന്ദവര്‍ക്ക് മേധാവിത്വം ഉണ്ടായിരുന്ന ഈ രംഗത്ത് എത്തിയ ആദ്യ മുസ്ലിം ആയിരുന്നു. കഥകളിയ്ക്ക് ഉണ്ടായിരുന്ന ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തകര്‍ത്തെറിഞ്ഞ് ചരിത്രത്തില്‍ സ്ഥാനം നേടിയ അപൂര്‍വ്വ പ്രതിഭയാണ് കലാമണ്ഡലം ഹൈദരാലി. വേധാസ് ക്രിയേഷന്റെ ബാനറില്‍ വിനീഷ് മോഹനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കഥകളി സംഗീതത്തിന് തനതായ ഒരു മുഖം നല്‍കിയ ജനകീയ കലാകാരനാണ് കലാമണ്ഡലം ഹൈദരാലി. രഞ്ജി പണിക്കരാണ് ചിത്രത്തില്‍ ഹൈദരാലിയുടെ വേഷം അവതരിപ്പിക്കുന്നത്. അശോകന്‍, ടി.ജി. രവീന്ദ്രനാഥന്‍, പാരിസ് ലക്ഷ്മി, മീര നായര്‍, നിഖില്‍ രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അജു കെ നാരായണനാണ്. ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണനും, എഡിറ്റിങ്ങ് മിഥുന്‍ മുരളിയും, സംഗീതം അനില്‍ ഗോപാലും, കോട്ടയ്ക്കല്‍ മധുവും നിര്‍വ്വഹിച്ചു. കലാമണ്ഡലം വിമല, കലാമണ്ഡലം ഗണേശന്‍ എന്നിവരാണ് നൃത്ത സംവിധാനം നടത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *