ഇത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ആഡംബര ഹോട്ടല്‍; ഒരു ദിവസത്തെ വാടക എത്രയെന്ന് അറിയുമോ….!!!

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ആഡംബര ഹോട്ടല്‍ ചൈനയിലെ ഷാങ്ഹായിയില്‍ തുറന്നു. ചൈനീസ് ഹോട്ടല്‍ ബിസിനസ് രംഗത്തെ ഭീമന്മാരായ ജിന്‍ ജിയാങ് ഹോട്ടല്‍സ്‌ ഇന്‍റര്‍നാഷണല്‍ ആണ് ജെ ഹോട്ടല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഹോട്ടലിന്റെ പിറവിക്ക് പിന്നിലുള്ളത്. 632 മീറ്റർ ഉയരത്തില്‍ 128 നിലകളുള്ള ഷാങ്ഹായ് ടവറിന്‍റെ ഏറ്റവും മുകളിലെ 26 നിലകളിലായാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഹോട്ടല്‍ തുറന്നത്. എല്ലാ വിധത്തിലുള്ള അത്യാധുനിക ആഡംബര സൗകര്യങ്ങളോടും കൂടിയാണ് ഹോട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. റൗണ്ട്-ദി-ക്ലോക്ക് പേഴ്സണൽ ബട്ട്‌ലർ സേവനവും 120-ാം നിലയില്‍ ഒരു റെസ്റ്റോറന്റുമുണ്ട്. സെക്കൻഡിൽ 18 മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാവുന്ന ലിഫ്റ്റാണ് മറ്റൊരു പ്രത്യേകത. 165 മുറികൾ, ഏഴ് റെസ്റ്റോറന്റുകൾ, ബാറുകൾ, ഒരു സ്പാ, 84-ാം നിലയിലായി ഒരു സ്വിമ്മിങ് പൂള്‍ എന്നിവയുമുണ്ട്.

നിർമാണം പൂര്‍ത്തിയായിരുന്നെങ്കിലും കോവിഡ് കാരണമാണ് ഹോട്ടൽ തുറക്കാൻ വൈകിയത്. യാങ്‌സി നദിക്കരയും ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടെ ഷാങ്ഹായി നഗരത്തിന്‍റെ മിക്കവാറും എല്ലാ ഭാഗങ്ങളും ഒരു ഭൂപടത്തിലെന്നോണം ഇതിനു മുകളില്‍ നിന്നും നോക്കിയാല്‍ കാണാം. ഹോട്ടലിന്‍റെ ആരംഭ ഓഫറായി ആകര്‍ഷകമായ നിരക്കുകളും ഇപ്പോള്‍ ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു രാത്രിക്ക് 3,088 യുവാന്‍ അഥവാ 35350 ഇന്ത്യന്‍ രൂപയാണ് ഇപ്പോള്‍ നല്‍കേണ്ടത്. എന്നാല്‍, ഹോട്ടലിലെ 34 സ്വീറ്റ് റൂമുകളില്‍ ഒന്നില്‍ താമസിക്കണമെങ്കില്‍ ഇതിലധികം നിരക്കുണ്ട്. ‘ജെ സ്വീറ്റ്’ എന്നറിയപ്പെടുന്ന ഈ ലക്ഷ്വറി റൂമുകളില്‍ ഒരു രാത്രിക്ക് 67,000 യുവാന്‍ അഥവാ 7,70,278 രൂപയാണ് വാടക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ തന്നെ റോസ്‌വുഡ് ഗ്വാങ്‌ഷോ ആയിരുന്നു ഇതു വരെ ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള ഹോട്ടല്‍. തെക്കൻ ചൈനയില്‍ സ്ഥിതിചെയ്യുന്ന ഈ ഹോട്ടല്‍ 530 മീറ്റർ ഉയരമുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ബഹുമതിയുള്ളത് ദുബായിലെ ഗെവോറ ഹോട്ടലിനാണ്, 356 മീറ്റർ ഉയരമാണ് ഇതിനുള്ളത്.

Comments: 0

Your email address will not be published. Required fields are marked with *