ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ആരാണെന്ന് അറിയുമോ?

പ്രമുഖ വ്യക്തികളെ ഓർക്കാനും ആദരിക്കാനും എപ്പോഴും ഗൂഗിൾ ശ്രമിക്കാറുണ്ട്. ഇന്ന് ഡൂഡിലിലൂടെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞ മാർഗരിറ്റ ഹാക്കിന് ആദരം അര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിൾ.

1922 ജൂൺ 12ന് ഫ്ലോറൻസിൽ ജനിച്ച ഹാക്ക് ട്രൈസ്റ്റെ സർവകലാശാലയിൽ ജ്യോതിശാസ്ത്ര പ്രൊഫസറായിരുന്നു. 1964 മുതൽ 1987 വരെ ട്രൈസ്റ്റെ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന് നേതൃത്വം വഹിച്ച ആദ്യത്തെ ഇറ്റാലിയൻ വനിത കൂടിയാണ് അവർ. 1995-ൽ 8558 ഹാക്ക് എന്ന ഛിന്നഗ്രഹം കണ്ടെത്തിയതിന്റെ ബഹുമതി ഹാക്കിന് ലഭിച്ചു.

ഹാക്കിന്റെ ശാസ്ത്രീയ താത്പര്യങ്ങളും ഗവേഷണ പ്രവർത്തനങ്ങളും വിശാലവും വൈവിധ്യമാർന്നതും ആയിരുന്നു. നക്ഷത്രങ്ങളുടെ സ്പെക്ട്രോസ്കോപ്പിക് സ്വഭാവങ്ങളുടെ നിരീക്ഷണത്തിലും വ്യാഖ്യാനത്തിലുമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നക്ഷത്രങ്ങളുടെ രാസഘടനയെയും അവയുടെ ഉപരിതല താപനിലയെയും ഗുരുത്വാകർഷണത്തെയും കുറിച്ച് അവർ ഗവേഷണം നടത്തി.

നക്ഷത്രാന്തരീക്ഷത്തിന്റെ ബാഹ്യ ഭാഗത്ത് സംഭവിക്കുന്ന, നക്ഷത്രങ്ങളുടെ സൈദ്ധാന്തിക മാതൃകകളിൽ കണക്കാക്കേണ്ട, വൻ നഷ്ടങ്ങൾക്ക് കാരണമാകുന്ന ഊർജ്ജമേറിയ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ 1970കളിൽ, കോപ്പർനിക്കസ് ഉപഗ്രഹത്തിൽ നിന്നുള്ള യുവി ഡാറ്റയിൽ അവർ പ്രവർത്തിച്ചു. കോപ്പർനിക്കസിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള അവരുടെ ആദ്യ ഗവേഷണ ലേഖനം 1974ൽ നേച്ചറിൽ പ്രസിദ്ധീകരിച്ചു.

ശാസ്ത്രത്തിനു പുറമെ, വിദ്യാഭ്യാസ – രാഷ്ട്രീയ മേഖലകളിൽ ഹാക്ക് സജീവമായി ഇടപെട്ടിരുന്നു. 2012 ജൂൺ 12 ന് അവരുടെ 90-ാം ജന്മദിനത്തിൽ ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പരമോന്നത ബഹുമതിയായ ‘ഡാമ ഡി ഗ്രാൻ ക്രോസ്’ എന്ന പദവി അവർക്ക് ലഭിച്ചു.

Comments: 0

Your email address will not be published. Required fields are marked with *