Flash News

ഇന്ന്‌ അന്താരാഷ്ട്ര സാക്ഷരതാ ദിനം ; 70 കോടി കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി കൊവിഡ്

സെപ്റ്റംബർ എട്ട് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുകയാണ് ലോകം. ലോകമെമ്പാടുമുള്ള 70 കോടി കുട്ടികളുടെ വിദ്യാഭ്യാസം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന കാലത്താണ് ഇത്തവണത്തെ സാക്ഷരതാ ദിനം ആചരിക്കുന്നത്. നിരക്ഷരതാ നിർമ്മാർജ്ജനമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും സാക്ഷരതാ ദിനം കൊണ്ടാടുന്നതോടൊപ്പം ഒരു വിഷയവും മുന്നോട്ടു വയ്ക്കാറുണ്ട്. മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായി സാക്ഷരത: ഡിജിറ്റൽ വിഭജനം കുറയ്ക്കുക എന്നതാണ് ഈ വർഷത്തെ വിഷയം.

ലോകത്ത് കൊവിഡ് സ്ഥിതി രൂക്ഷമായതോടെ കഴിഞ്ഞ രണ്ടു വർഷമായി ലോകത്തെ പഠനമേഖല ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് മുമ്പുണ്ടായിരുന്ന നിരക്ഷരരുടെ സംഖ്യ പിന്നെയും വർധിപ്പിച്ചുവെന്ന് യുനെസ്കോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.സ്കൂളുകൾ അടച്ചതിനെത്തുടർന്ന്‌ 91 ശതമാനം കുട്ടികളുടെയും വിദ്യാഭ്യാസം മാസങ്ങളോളം തടസ്സപ്പെട്ടു. പല രാജ്യങ്ങളും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക്‌ നീങ്ങി. എന്നാൽ, 70 കോടിയോളം വിദ്യാർത്ഥികൾ അതോടെ പഠനത്തിനു പുറത്താണ്‌. 143 രാജ്യത്തെ 36.9 കോടി കുട്ടികൾ ഭക്ഷണത്തിന്‌ ആശ്രയിച്ചിരുന്നത്‌ സ്‌കൂളുകളെയാണ്‌. സ്‌കൂൾ തുറക്കാത്തത്‌ കുട്ടികളിൽ പട്ടിണിയും പോഷകാഹാരക്കുറവും വർധിപ്പിച്ചു. വരുംവർഷങ്ങളിൽ ഇത്‌ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ്‌ യുഎന്നിന്റെ വിലയിരുത്തൽ.40 ലക്ഷം അഭയാർഥി കുട്ടികളും പ്രാഥമിക വിദ്യാഭ്യസത്തിന്‌ പുറത്താണ്‌. കൊവിഡ്‌ അവസാനിച്ചാലും 2030ൽ സ്‌കൂളിൽ പോകാൻ കഴിയാത്ത കുട്ടികളുടെ എണ്ണം 20 കോടിയാകുമെന്നാണ്‌ യുഎൻ വിലയിരുത്തൽ.

ഓൺലൈനായ വിദ്യാഭ്യാസം ലോകത്ത്‌ ഡിജിറ്റൽ അസമത്വം വർധിപ്പിച്ചു. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയന്റെ കണക്ക്‌ പ്രകാരം ലോക ജനസംഖ്യയുടെ പകുതിയോളം പേർക്കും (370 കോടി) ഇന്റർനെറ്റ്‌ സൗകര്യമില്ല. അവികസിത രാജ്യങ്ങളിലാണ്‌ സ്ഥിതി ഏറ്റവും മോശം. ഗ്രാമ–- നഗര വ്യത്യാസങ്ങളും ലിംഗപരമായ വേർതിരിവുകളുമുണ്ട്‌.‌‌‌

എന്നാൽ സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. പ്രാഥമിക വിദ്യാഭ്യാസം നേടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന നേട്ടവും സംസ്ഥാനം സ്വന്തമാക്കി.എന്നാൽ ഈ കൊവിഡ് കാലത്ത് കേരളത്തിലും നിരവധി കുട്ടികൾ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്താണ്.

Comments: 0

Your email address will not be published. Required fields are marked with *