ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം

ഇന്ന് ജൂൺ 12. ലോക ബാലവേല വിരുദ്ധ ദിനം. കുട്ടികൾ എന്നും നമുക്ക് പ്രിയപ്പെട്ടവരാണ്. അവർ കാണിക്കുന്ന ചെറിയ കുറുമ്പുകളെ ശാസിക്കുമെങ്കിലും അവ നമ്മൾ ആസ്വദിക്കാറുമുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും പല കാരണങ്ങളാൽ ചെറിയ പ്രായത്തിൽ തന്നെ അവർക്ക് താങ്ങാവുന്നതിന് അപ്പുറമുള്ള ജോലികൾ ചെയ്യേണ്ടതായി വരുന്നു. അല്ലെങ്കിൽ ആരോരുമില്ലാത്ത കുരുന്നുകളെ ചില മനുഷ്യജന്മങ്ങൾ അടിമകളാക്കി മാറ്റുന്നു. നിർബന്ധിച്ച് ജോലികൾ ചെയ്യിക്കുന്നു. അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ എല്ലാ ബാലാവകാശങ്ങളും കാറ്റിൽ പറത്തുകയാണ് അവർ. ഇങ്ങനെ സമപ്രായക്കാര്‍ക്കൊപ്പം കളിക്കാനോ വിശ്രമിക്കാനോ കഴിയാത്ത നിരവധി കുട്ടികളെ നമ്മൾ ദിനം പ്രതി കാണുന്നുണ്ട്. എന്നാൽ അവരെ ഓർക്കാൻ ഇങ്ങനെ ഒരു ദിവസം വേണം എന്നതാണ് വാസ്തവം. ദാരിദ്ര്യവും പട്ടിണിയും അകറ്റാന്‍ ചെറിയ പ്രായത്തിൽ തന്നെ ജോലി ചെയ്യാൻ അവർ നിർബന്ധിതരാവുകയാണ്.

ബാലവേലയ്ക്കെതിരെ ആഗോളതലത്തിൽ ബോധവത്കരണം നടത്തുക എന്നതാണ് ജൂൺ 12ലെ ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. അന്തർദേശീയ തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ) ആഹ്വാനപ്രകാരം 2002 മുതലാണ് ജൂൺ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കാൻ ആരംഭിച്ചത്. ‘ഇപ്പോൾ പ്രവർത്തിക്കുക : ബാല വേല അവസാനിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനാചാരണത്തിന്റെ വിഷയമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ബാലവേല റിപ്പോർട്ട്‌ ചെയ്യുന്നത് വളരെ കുറവാണെങ്കിലും കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് ബാലവേലയിൽ ഏർപ്പെട്ടിട്ടുള്ളത്. മാത്രമല്ല,
രണ്ട് ദശകത്തിനിടെ ഇതാദ്യമായാണ് ലോകം ബാലവേലയിൽ വർദ്ധനവ് കാണിക്കുന്നത് എന്നത് വളരെ അധികം ഗൗരവമേറിയ വസ്തുതയാണ്. കൊവിഡ് മഹാമാരിയാണ് ഇതിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വളരെ കുറച്ചു കാലം കൊണ്ടു തന്നെ കുരുന്നു ജീവനുകളെ ഉപദ്രവിക്കുന്ന, അല്ലെങ്കിൽ അവരുടെ എല്ലാ ബാലാവകാശങ്ങളെയും ഇല്ലാതാക്കുന്ന എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ കഴിയുമെന്നു തന്നെ നമുക്ക് ഉറച്ചു വിശ്വസിക്കാം…

Comments: 0

Your email address will not be published. Required fields are marked with *