ഇവനെ സൂക്ഷിച്ചോളൂ… ചൈനീസ് ആപ്പ് വഴി നഷ്ടപ്പെട്ടത് 150 കോടി

സമീപകാലത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കഴിഞ്ഞ ദിവസം ദില്ലി പോലീസ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. തട്ടിപ്പു സംഘത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരും വനിതകളും വരെ ഉള്‍പ്പെടുന്നുണ്ട്. ചൈന ആസ്ഥാനമായുള്ള സ്ഥാപനങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ആപ്പിലൂടെ കോടികൾ തട്ടിയതാണ് പ്രസ്തുത കേസ്. ഒരു ടിബറ്റൻ യുവതിയും എട്ട് തട്ടിപ്പുകാരുമാണ് ഇത്തരത്തിൽ അറസ്റ്റിലായിരിക്കുന്നത്.

ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിം​ഗ് ക്യാമ്പയിനിന്റെ ചുവടു പിടിച്ച് പ്രവർത്തിപ്പിച്ച ഏണിങ് ആപ്പിലൂടെയാണ് തട്ടിപ്പ് നടന്നത്. വെറും രണ്ട് മാസത്തിനുള്ളിൽ 150 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. വേ​ഗത്തിൽ വരുമാനം നേടാം എന്ന വ്യാജേന പ്രവർത്തിക്കുന്ന ചൈനീസ് ആപ്പുകളിലൂടെയാണ് ഈ തട്ടിപ്പുകൾ നടന്നത്. പണത്തിനൊപ്പം ഉപഭോക്താക്കളുടെ ഡാറ്റയും ചോർന്നിട്ടുണ്ട്. പവർ ബാങ്ക് എന്ന ഇൻവെസ്റ്റ്മെന്റ് ആപ്പാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്.

വിവിധ ബാങ്ക് അക്കൗണ്ടുകളിലും പെയ്മെന്റ് മാർഗങ്ങളിലും തട്ടിപ്പിന് ഇരയായവരുടെ 11 കോടി രൂപയോളമാണ് ബ്ലോക്ക് ആയി കിടക്കുന്നത്. ഇതിലെ 97 ലക്ഷം രൂപ ഗുരുഗ്രാമിലെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നാണ് കണ്ടെത്തിയത്. തട്ടിപ്പ് നടത്താനായി ഇയാൾ രൂപീകരിച്ചത് 111ഓളം കമ്പനികളാണ്.

Comments: 0

Your email address will not be published. Required fields are marked with *