ഈ ചിത്രത്തിലെ കടുവയെ കണ്ടെത്താമോ?

ഒരു നല്ല പസിൽ പോലെ ഇന്റർനെറ്റിനെ ആവേശഭരിതമാക്കുന്ന മറ്റൊന്നും തന്നെ ഉണ്ടാകില്ല. മിസോറാമിലെ ദമ്പ ടൈഗർ റിസർവ്വില്‍ നിന്ന് പകർത്തിയ ഒരു ചിത്രത്തിലെ മറഞ്ഞിരിക്കുന്ന കടുവയെ കണ്ടെത്താൻ തലകീഴെ മറിയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഫോറസ്റ്റ് ഗാർഡ് സഖുമ ഡോൺ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്.

‘ഈ ചിത്രം ഏഴ് വർഷത്തിനുള്ളിലെ റിസർവ്വിലെ കടുവയുടെ ആദ്യത്തെ ഫോട്ടോഗ്രാഫിക് റെക്കോർഡാണ്’ എന്ന് സാങ്ച്വറി ഏഷ്യ മാഗസിൻ റിപ്പോർട്ട് ചെയ്തു. 2018ലെ സെൻസസ് പ്രകാരം ഒരു മൃഗത്തിന്റെ തെളിവു പോലും ദമ്പ ടൈഗർ റിസർവ്വില്‍ ഉണ്ടായിരുന്നില്ല. കടുവകളെ കണ്ടെത്താത്തതിനെ തുടർന്ന് ‘കടുവകളില്ലാത്ത കടുവ സംരക്ഷണകേന്ദ്രം’ എന്ന പേരിലാണ് ദമ്പ ടൈഗർ റിസർവ്വ് അറിയപ്പെട്ടിരുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തതിനു ശേഷം നിരവധി പേരാണ് സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്നതിനാൽ ചിത്രത്തിലെ കടുവയെ കണ്ടെത്തുന്നതും അത്ര എളുപ്പമല്ല.

കുറേ വർഷങ്ങളായി റിസർവ്വില്‍ പട്രോളിംഗ് നടത്തുന്ന ഉദ്യോഗസ്ഥനാണ് സഖുമ ഡോൺ. 2021 ഫെബ്രുവരിയിൽ അദ്ദേഹം വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (ഡബ്ല്യുഐഐ) നിന്നും വാങ്ങിയ ക്യാമറ വനത്തിൽ പലയിടങ്ങളിലായി സ്ഥാപിക്കുകയും, മൂന്ന് മാസങ്ങൾക്കു ശേഷം മെയ് മാസത്തിൽ ക്യാമറയിൽ നിന്നും ചിത്രങ്ങൾ വീണ്ടെടുക്കുകയും ചെയ്തു. ‘ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹം കടുവയുടെ ചിത്രം കണ്ടെത്തുകയും സ്ഥിരീകരണത്തിനായി അധികാരികൾക്ക് അയയ്ക്കുകയും ചെയ്തു.’ സാങ്ച്വറി ഏഷ്യ കുറിച്ചു. സഖുമ ഡോൺ ദാമ്പയിൽ നിന്ന് അയച്ചത് ഒരു കടുവയുടെ ചിത്രമാണെന്ന് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എൻഡയിൻജർഡ് സ്പീഷിസ് മാനേജ്‌മെന്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു.

റിസർവ്വിലെ കുറ്റിക്കാട്ടിൽ എവിടെയോ ഒളിച്ചിരിക്കുന്ന കടുവയെ കണ്ടെത്താനുള്ള ആവേശത്തിലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ. കടുവയെ കണ്ടെത്താൻ കുറച്ചധികം സമയമെടുത്തുവെന്നും മറ്റുള്ളവരുടെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ടു പോയാൽ കടുവയെ കാണാൻ കഴിയുമെന്നും പലരും കുറിച്ചു.

പോസ്റ്റ് വായിക്കാം : https://www.instagram.com/p/CQFo03gIXbX/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *