ഊബർ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരത്ത് ചാക്കയിൽ ഊബർ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനൽ മുഹമ്മദ് ഖനി, സജാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിടയ്ക്ക് പ്രതിയായ സനൽ മുഹമ്മദിന് കൈയ്ക്ക് പരിക്കേറ്റിരുന്നു. ചികിത്സതേടി സ്വകാര്യ ആശുപത്രിയിലെത്തിയ സനൽ ബൈക്കിൽനിന്നു വീണെന്നായിരുന്നു പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്.

വഞ്ചിയൂർ പൊലീസെത്തി ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്. തുടർന്ന് പൊലീസ് ചാക്കയിലെ വീട്ടിലെത്തിയപ്പോൾ സമ്പത്ത് രക്തംവാർന്ന് മരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സമ്പത്തിനെ ചാക്കയ്ക്ക് സമീപത്തെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലഹരിസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

കൊല്ലപ്പെട്ട സമ്പത്ത് പ്രതികളിൽ ഒരാളായ സനലിനെ നേരത്തേ ആറ്റിങ്ങൽ പൊലീസ് കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തപ്പോൾ ഒറ്റു കൊടുത്തുവെന്ന വൈരാഗ്യമാണ് കൊലചെയ്യാൻ പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട സമ്പത്തിൻ്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

Comments: 0

Your email address will not be published. Required fields are marked with *