എന്റെ രക്തവും വിയര്‍പ്പും ഇന്ത്യയ്ക്കുള്ളത് ; രാജ്യവിരുദ്ധതയെ പിന്തുണയ്ക്കില്ലെന്ന് ഹര്‍ഭജന്‍ സിംഗ്

സമൂഹമാധ്യമത്തില്‍ ഖലിസ്ഥാന്‍ അനുകൂല പോസ്റ്റ് പങ്കുവെച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വികാരാധീനനായി മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ അനുകൂല പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ആരാധകര്‍ അടക്കമുള്ളവരില്‍ നിന്നും ക്രിക്കറ്റ് താരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പോസ്റ്റ് വന്‍ വിവാദമായതോടെ അതു പിന്‍വലിച്ച ഹര്‍ഭജന്‍ താന്‍ സ്വന്തം രക്തവും വിയര്‍പ്പും 20 വര്‍ഷമായി ഇന്ത്യയ്ക്കു വേണ്ടി ഒഴുക്കിയ വ്യക്തിയാണെന്നും, രാജ്യവിരുദ്ധതയെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്നും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. വാട്‌സാപ്പില്‍ വന്ന ഫോര്‍വേഡ് സന്ദേശം ഉള്ളടക്കം കൃത്യമായി നോക്കാതെ പങ്കുവെച്ചതിലും, രാജ്യത്തിന്റെ വികാരം വൃണപ്പെടുത്തിയതിലും താരം മാപ്പ് ചോദിക്കുകയും ചെയ്തു. ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടോ, ചിത്രത്തിലെ വ്യക്തിയോടോ വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്നും, ഇന്ത്യയ്ക്കു വേണ്ടി പോരാടുന്ന സിഖുകാരനാണ് താനെന്നും താരം സമൂഹമാധ്യമത്തില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 37-ാം വാര്‍ഷിക ദിനത്തില്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവായ ജര്‍ണയില്‍ സിംഗ് ബിന്ദ്രന്‍വാലയെ ധീരരക്തസാക്ഷിയായി ചിത്രീകരിക്കുന്ന പോസ്റ്റാണ് താരം പങ്കുവെച്ചത്.

പഞ്ചാബിലെ സുവര്‍ണക്ഷേത്രം കൈയടക്കിയ ആയുധധാരികള്‍ക്കെതിരെ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. ഓപ്പറേഷനില്‍ സൈന്യം വധിച്ച ജര്‍ണയില്‍ സിംഗിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റ് രക്തസാക്ഷികള്‍ക്ക് പ്രണാമം എന്ന പേരിലാണ് ഹര്‍ഭജന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *