കഞ്ചാവ് കേക്ക് വിതരണം ചെയ്ത് ബേക്കറി ; രാജ്യത്ത് കഞ്ചാവ് ഭക്ഷ്യവസ്തുവായത് ഇതാദ്യം

ലഹരിക്കടത്ത് വളരെയധികം രഹസ്യ സ്വഭാവത്തോടെ നടക്കുന്നതിന്റെയും അവയെ പിടിച്ചെടുത്തതിന്റെയും വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് ലോക പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടതായുള്ള വാര്‍ത്തകളും നാം കേട്ടിരുന്നു. എന്നാല്‍ ആ ചിന്തയെയും മറികടന്നുകൊണ്ട് ഇപ്പോള്‍ ഒരു ബേക്കറി കഞ്ചാവ് ചേര്‍ത്ത കേക്ക് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.

മുംബൈയിലെ മലാഡില്‍ ഒരു ബേക്കറിയില്‍ നിന്നാണ് നാര്‍കോട്ടിക്ക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ബ്രൗണി കേക്കുകളും കഞ്ചാവും പിടിച്ചെടുത്തത്. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നത് ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവമാണെന്ന് എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.

എന്‍.സി.ബിയുടെ സോണല്‍ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി വൈകി റെയ്ഡ് നടന്നത്. റെയ്ഡില്‍ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് അധിഷ്ഠിത ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവും എന്‍.സി.ബി കണ്ടെടുത്തു.

ബേക്ക് ചെയ്ത പലഹാരങ്ങള്‍, മിഠായികള്‍, ചിപ്സ് അടക്കമുള്ളവ കഞ്ചാവ് കലര്‍ത്തി പാചകം ചെയ്യപ്പെടാറുണ്ടെന്നും, അത് തിരിച്ചറിയാന്‍ എളുപ്പത്തില്‍ സാധിച്ചേക്കില്ലെന്നും എന്‍.സി.ബി തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സാധാരണയായി ബേക്ക് ചെയ്ത പലഹാരങ്ങളും കഞ്ചാവ് അടങ്ങിയവയും വേര്‍തിരിച്ചറിയാന്‍ സാധാരണക്കാരന് കഴിഞ്ഞേക്കില്ലെന്നും, ഇവ അല്പം പച്ച നിറവും കഞ്ചാവിന്റെ നേരിയ ഗന്ധവും ഉള്ളത് ആയിരിക്കുമെന്നും എന്‍.സി.ബി പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *