കരീന സീതയാകേണ്ട ; ട്വിറ്ററില്‍ കരീന ബഹിഷ്കരണം തരംഗമാകുന്നു

ബോളിവുഡ് താരങ്ങളെ സമൂഹമാധ്യമങ്ങള്‍ ബഹിഷ്‌കരിക്കുന്നത് പുതിയ സംഭവമല്ല. ഇപ്പോള്‍ ബോളിവുഡ് നടി കരീന കപൂര്‍ ഖാനാണ് ഈ ശൈലിയുടെ ഏറ്റവും പുതിയ ഇര. ട്വിറ്ററില്‍ ഇപ്പോൾ ‘ബോയ്‌കോട്ട് കരീന കപൂര്‍ ഖാന്‍’ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗായി മാറുകയാണ്.

ഇന്ത്യയുടെ ഇതിഹാസങ്ങളിലൊന്നായ രാമായണത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരെ ബഹിഷ്‌കരണ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെടുന്നത്. സീതയാകാന്‍ ഹിന്ദു നടി മതിയെന്ന് പറഞ്ഞ് സംഘപരിവാറും രംഗത്തെത്തി കഴിഞ്ഞു. സീതയെക്കാള്‍ ശൂര്‍പ്പണഖയുടെ വേഷമാണ് കരീനയ്ക്കു ചേരുകയെന്നു പോലും സമൂഹമാധ്യമങ്ങളില്‍ ആക്രോശം ഉയരുന്നുണ്ട്.

സീത – ദി ഇന്‍കാര്‍നേഷന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അലൗകിക് ദേശായിയാണ് സംവിധാനം ചെയ്യുന്നത്. തൈമൂറിന്റെ അമ്മയായ കരീന എങ്ങനെ സീതയുടെ വേഷം ചെയ്യുമെന്നും ഹിന്ദുക്കള്‍ക്കെതിരെ ബോളിവുഡ് മാഫിയ വിഷം പ്രചരിപ്പിക്കുന്നുവെന്നും ഒക്കെ പലവിധ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. താണ്ഡവിലൂടെ കരീനയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ സെയ്ഫ് അലി ഖാന്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയിരുന്നുവെന്നും ഇനി അതാവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പ്രചാരണം ഉയരുന്നു. ചിത്രത്തില്‍ രാമനായി തെലുങ്ക് നടന്‍ മഹേഷ് ബാബുവും രാവണനായി ഹൃതിക് റോഷനും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Comments: 0

Your email address will not be published. Required fields are marked with *