കലയ്ക്കാണ് ലോക്ക്ഡൗണ്‍, കൃഷിക്കല്ല ; കലാഭവന്‍ പ്രസാദിന്റെ കാരറ്റ് കൃഷി സൂപ്പര്‍ഹിറ്റ്

കൊവിഡ് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വിനോദം ഉള്‍പ്പെടെ എല്ലാ തൊഴിലിടങ്ങളും നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയപ്പോള്‍ ജീവനോപാധി നഷ്ടപ്പെട്ടവരില്‍ മിമിക്രി കലാകാരന്മാരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് മിമിക്രി പ്രേമികളുടെ സ്വന്തം കെ.എസ്. പ്രസാദ് കലാഭവന്‍റെ കാരറ്റ് കൃഷിയാണ്. കേരളത്തിന്റെ കാലാവസ്ഥയില്‍ അധികം ആരും പരീക്ഷിക്കാത്ത കാരറ്റ് കൃഷി സ്വന്തം വീടിന്റെ ടെറസിലാണ് കെ.എസ്. പ്രസാദ് ചെയ്തത്. ഏതാനും വര്‍ഷങ്ങളായി ചെറിയ തോതില്‍ കൃഷി ചെയ്തിരുന്നെങ്കിലും ഒന്നര വര്‍ഷത്തോളമായി ലോക്ക്ഡൗണില്‍ കലാപരിപാടികള്‍ നിലച്ചതോടെ കൃഷിയില്‍ താരം കൂടുതല്‍ സജീവം ആവുകയായിരുന്നു.

കൊച്ചി കലൂര്‍ ആസാദ് റോഡിലെ തന്റെ വീടിന്റെ മട്ടുപ്പാവില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പും വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ പ്രസാദ്. പൊതുവെ ഊട്ടി, കാന്തല്ലൂര്‍ തുടങ്ങിയ തണുപ്പുള്ള മേഖലകളില്‍ മാത്രം കണ്ടുവരുന്ന കാരറ്റ് കൃഷി പരീക്ഷണാടിസ്ഥാനത്തിലാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ നടുന്നതിനു പകരം കൃഷി വകുപ്പില്‍ നിന്നും വാങ്ങിയ ചെറിയ തൈകള്‍ ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് നട്ടത്. നല്ല തണുപ്പ് ആവശ്യമുള്ള പച്ചക്കറി ഇനം ആയതിനാല്‍ കാരറ്റ് ഉണ്ടാകുമോയെന്ന് സംശയം ഉണ്ടായിരുന്നു. എങ്കിലും മറ്റു വിളകളെ പോലെ കാരറ്റ് തൈകളെയും പരിപാലിച്ചു. ഊട്ടിയിലും മറ്റും കണ്ടുവരുന്ന കാരറ്റു തൈകളെക്കാള്‍ വേര് കൂടുതലാണ് എന്ന ഒരു വ്യത്യാസം മാത്രമേ ഈ തൈകള്‍ക്കുള്ളു.

വെണ്ട, വഴുതന, തക്കാളി, മുളക്, കാപ്സിക്കം, പയര്‍ തുടങ്ങി വീട്ടിലേക്ക് ആവശ്യമായ പലവിധ പച്ചക്കറികളും പ്രസാദിന്റെ ടെറസ് കൃഷിയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കരുമാല്ലൂര്‍ തട്ടാമ്പടിയില്‍ പ്രസാദ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നു തുടങ്ങിയ കപ്പകൃഷിയും വിജയമായിരുന്നു.

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ഉപജീവനം വഴിമുട്ടി മറ്റു പല ജോലികളിലേക്കും തിരിഞ്ഞ നിരവധി മിമിക്രി കലാകാരന്മാരെ കുറിച്ചും കലാഭവനിന്റെ സെക്രട്ടറി കൂടിയായ പ്രസാദ് സംസാരിച്ചു. കൊവിഡും ലോക്ക്ഡൗണും സംസ്ഥാനത്ത് ആയിരത്തിലേറെ മിമിക്രിക്കാരുള്‍പ്പെടെ അസംഖ്യം സ്റ്റേജ് കലാകാരന്മാരുടെയും അനുബന്ധ ജോലിക്കാരുടെയും കുടുംബങ്ങളെ കൂടിയാണ് ദുരിതത്തില്‍ എത്തിച്ചത്. മേഖലയുടെ പുനരുജ്ജീവനത്തിന് സര്‍ക്കാരുകള്‍ ഒന്നും ചെയ്യാത്തതിലെ പ്രതിഷേധവും നര്‍മ്മം കലരാത്ത സ്വരത്തില്‍ കെ.എസ്. പ്രസാദ് പങ്കുവെച്ചു.

Comments: 0

Your email address will not be published. Required fields are marked with *