Flash News

കിറ്റെക്സ് തൊഴിലാളികളുടെ അക്രമം; അന്വേഷണം ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്, ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും

 

കിഴക്കമ്പലത്ത് ഇതരസംസ്ഥാനക്കാരായ കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചതില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. കസ്റ്റഡിയിലുള്ളവരെ പെരുമ്പാവൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രാത്രി വൈകിയും ചോദ്യം ചെയ്തു. ഇതിനിടെ ഇന്നലെ അറസ്റ്റിലായ 24 പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.‌‌

കിഴക്കമ്പലത്ത് പൊലീസ് സംഘത്തെ ആക്രമിക്കുകയും, പൊലീസ് വാഹനങ്ങള്‍ കത്തിച്ചും, അടിച്ചും നശിപ്പിക്കുകയും ചെയ്ത 24 ഇതരസംസ്ഥാനക്കാരാണ് ഇന്നലെ അറസ്റ്റിലായത്. സി.ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിനും, വാഹനങ്ങള്‍ തകര്‍ത്തതിനും ഓരോ കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ ഇന്ന് കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ക്യാംപിലെ ആക്രമണത്തിന് പിന്നാലെ 156 ഇതരസംസ്ഥാനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ആക്രമണത്തില്‍ നേരിട്ടും അല്ലാതെയും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

ആക്രമണത്തിന്റെ സിസിടിവി, മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൊലീസ് വാഹനം കത്തിച്ചതില്‍ പ്രധാനിയെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പ്രതികളുടെ വൈദ്യപരിശോധനയും, കോവിഡ് പരിശോധനയും നിലവില്‍ വിവിധ ആശുപത്രികളിലെത്തിച്ചാണ് പൂര്‍ത്തീകരിക്കുന്നത്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കലക്ടറെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.

Comments: 0

Your email address will not be published. Required fields are marked with *