Flash News
കുറുപ്പിന് രണ്ടാം ഭാഗം അലക്‌സാണ്ടർ! വീഡിയോ പുറത്തുവിട്ട് ദുൽഖർ 

കുറുപ്പിന് രണ്ടാം ഭാഗം അലക്‌സാണ്ടർ! വീഡിയോ പുറത്തുവിട്ട് ദുൽഖർ 

കേരളത്തിന്‍റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്‍റെ ജീവിതം പറഞ്ഞ ദുല്‍ഖര്‍ സല്‍മാൻ ചിത്രം ‘കുറുപ്പ്’ തീയേറ്ററുകളിൽ മിന്നും വിജയമാണ് നേടിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദര്‍ശനം തുടരുകയാണ്. അതിനിടയിൽ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അത് ഏതാണ്ട് ഉറപ്പിക്കാമെന്ന സൂചന നൽകിക്കൊണ്ട് കുറുപ്പിലെ ടെയ്‍ൽ എൻഡ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ സൽമാൻ.

സിനിമയുടെ ക്ലൈമാക്സിൽ കുറുപ്പ്, അലക്‌സാണ്ടർ ആയി മാറുന്നത് കണ്ടപ്പോഴേ പ്രേക്ഷകർ സിനിമയുടെ രണ്ടാം ഭാഗം മനസ്സിൽ ഉറപ്പിച്ചതാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ‘രണ്ടാം ഭാഗം പ്രതീക്ഷിച്ചോളൂ. ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും’ എന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വീഡിയോ പുറത്തിറങ്ങിയതോടെ ഡിക്യു ആരാധകർ ഏറെ പ്രതീക്ഷയിലാണ്. അലക്സാണ്ടർ ഉറപ്പിക്കാമല്ലേയെന്നാണ് പലരും ചോദിച്ചിരിക്കുന്നത്. മുമ്പ് സെക്കൻഡ് ഷോയുടെ രണ്ടാം ഭാഗമുണ്ടാകുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നതാണ്.

Comments: 0

Your email address will not be published. Required fields are marked with *