The KOA Expo starts tomorrow

കെ ഒ എ എക്‌സ്‌പോയ്ക്ക് നാളെ തുടക്കമാകും

 

പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന കെ ഒ എ എക്‌സ്‌പോയ്ക്ക് തുടക്കമായി. മെയ് 10 വരെ നീളുന്ന മേളയിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികൾ ഒരുക്കുന്ന 350ലധികം സ്റ്റാളുകളുണ്ട്. കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തും കൊട്ടാരത്തിന് പുറകിലുമായാണ് സ്റ്റാളുകൾ സജ്ജീകരിച്ചിരിക്കുന്നത്. സ്പോർട്സ് എക്സ്പോ, കൊമേഴ്ഷ്യൽ സ്റ്റാളുകൾ, സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, കെട്ടിട നിർമ്മാണ- ഫർണീച്ചർ- ഓട്ടോമൊബൈൽ- ക്രോക്കറി വസ്തുക്കളുടെ പ്രദർശനവും വിൽപനയും, ചെറുകിട വ്യാപാരികളും കർഷകരും ഒരുക്കുന്ന സ്റ്റാളുകൾ തുടങ്ങിയവ എക്‌സ്‌പോയിൽ ഉൾപ്പെട്ടിരിക്കുന്നു. സ്പോർട്സ് മേഖല, സർക്കാർ വകുപ്പുകൾ, ആർമി- നേവി- എയർഫോഴ്‌സ് വിഭാഗങ്ങൾ, എം. എസ്. എം. ഇ., വി. എസ്.എസ്. സി. വിഭാഗങ്ങൾ എന്നിവർ ഒരുക്കുന്ന സ്റ്റാളുകൾ ജനങ്ങളിൽ അതത് മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഉതകുന്നതാണ്.

ഇവയ്ക്കെല്ലാം പുറമെ 100 ൽ പരം പൂച്ചെടികൾ ദൃശ്യ വിസ്മയം തീർക്കുന്ന പുഷ്പ്പമേള, കേരളത്തിന് അകത്തും പുറത്തുമുള്ള കർഷകർ ഒന്നിച്ച മാമ്പഴമേള, രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ ഒരുക്കിയ ഭക്ഷ്യമേള, വളർത്തു മൃഗങ്ങളുടെ പ്രദർശന- വിപണനത്തിനായി ഒരുങ്ങിയ പെറ്റ്ഷോ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. മേളയുടെ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. സിത്താര കൃഷ്ണകുമാർ, ഹരിചരൻ, അറിവ് അംബാസ്സ ബാൻഡ്, ആൽമരം ബാൻഡ്, അനിത ഷെയ്ഖ്, ചാരു ഹരിചരൻ, ഹിഷാം അബ്ദുൽവഹാബ് എന്നിവർ അവതരിപ്പിക്കുന്ന സംഗീത നിശകൾ, പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നടൻപാട്ടുകൾ, ബിനു അടിമാലിയും അരുൺഗിന്നസും അവതരിപ്പിക്കുന്ന കോമഡി ഷോ, വീവേഴ്‌സ് വില്ലേജ് ഫാഷൻഷോ, ഡിജെ, ബെല്ലിഡാൻസ് തുടങ്ങിയ കലാപരിപാടികൾ ഒരിടവേളക്ക് ശേഷം കൂടുവിട്ട് പുറത്തിറങ്ങുന്ന പൊതുജനത്തിന് തിരിച്ചു വരവിന്റെ അനുഭൂതി നൽകും. 60000 മുതൽ 80000 വരെ ആളുകളെയാണ് മേള പ്രതിദിനം പ്രതീക്ഷിക്കുന്നത്.

കായിക മേഖലയെ ശാക്തീകരിക്കുന്നതിനുള്ള ധനസമാഹരണം സാധ്യമാകുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ചെറുകിട തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള ഒളിമ്പിക് അസോസിയേഷൻ കെ ഒ എ എക്‌സ്‌പോ 2022 സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡാനന്തരം വ്യാപാര മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടായ മാന്ദ്യം പരിഹരിക്കുന്നതിനും മേളയ്ക്ക് സാധിക്കും.

Comments: 0

Your email address will not be published. Required fields are marked with *