കൈക്കൂലി: വില്ലേജ് ഓഫീസിലെ ഫീൽഡ്‌ അസിസ്റ്റന്റുമാർ പിടിയിൽ

കൈക്കൂലി: വില്ലേജ് ഓഫീസിലെ ഫീൽഡ്‌ അസിസ്റ്റന്റുമാർ പിടിയിൽ

വിജിലൻസ് പരിശോധനയിൽ കൈക്കൂലിയുമായി രണ്ട് ഫീൽഡ് അസിസ്റ്റന്‍റുമാരെ പിടികൂടി. കോങ്ങാട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റുമാരായ മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്. കൈക്കൂലിയായി ലഭിച്ച 50,000 രൂപയും കണ്ടെത്തി. ചല്ലിക്കൽ സ്വദേശി കുമാരനെന്ന വൃദ്ധൻ്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന നടത്തിയത്. കുമാരനു പൈതൃക സ്വത്തായ 53 സെന്റ് കൂടാതെ 16 സെന്‍റ് സ്ഥലവും കൈവശമുണ്ട്. ഈ 16 സെന്‍റിന് പട്ടയം ശരിയാക്കാൻ വില്ലേജ് ഓഫീസിൽ സമീപിക്കുകയായിരുന്നു. അപേക്ഷ കൊടുത്തതിനു ശേഷം വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാരായ മനോജും പ്രസന്നനും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒരുലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. അത്രയും പണം ഇല്ലെന്ന് പറഞ്ഞപ്പോ 55000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. അയ്യായിരം രൂപ കഴിഞ്ഞ ദിവസം നൽകിയിരുന്നു. പിന്നീട് പാലക്കാട് വിജിലൻസ് ഡിവൈഎസ്‍പി ഷംഷുദ്ദീനെ വിവരമറിയിച്ചു. ശേഷം ഇന്നുച്ചയോടെ വിജിലൻസ് സംഘത്തിനൊപ്പം ബാക്കി തുക നൽകി. മൂന്നു മണിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ തൃശ്ശൂര്‍ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Comments: 0

Your email address will not be published. Required fields are marked with *