കൊളസ്‌ട്രോള്‍ കുറയ്ക്കണോ? ശീലിക്കാം ഈ ഭക്ഷണങ്ങള്‍

കൊളസ്‌ട്രോള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ രോഗമാണെന്നു തെറ്റിദ്ധരിക്കുന്നവരാണ് പലരും. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്‌ട്രോള്‍. ദഹനം, വൈറ്റമിന്‍ ഡിയുടെ ഉത്പ്പാദനം എന്നിവയ്ക്ക് ശരീരത്തിലെ കൊളസ്‌ട്രോള്‍ അനിവാര്യമാണ്. എന്നാല്‍ ശരീരത്തില്‍ ഇതിന്റെ അളവ് കൂടുന്നത് രോഗങ്ങള്‍ക്ക് വഴിവെക്കും. ശരിയായ ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ മിതപ്പെടുത്താന്‍ ശീലിക്കാവുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവിടെ പരിചയപ്പെടാം.

ഓട്‌സ് നാരുകളുടെ കലവറ ആയതിനാല്‍ ഇത് ദിവസവും ഒന്നര കപ്പ് വീതം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതുവഴി ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ 12 – 24 ശതമാനത്തോളം കുറയ്ക്കാമെന്ന് പഠനം വ്യക്തമാക്കുന്നു. ബീന്‍സും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ്. ഇതിലും നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കലോറി കുറവും ഫൈബര്‍ കുടുതലും ഉള്ള മറ്റൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നട്‌സ് കഴിക്കുന്നതും വളരെ ഉത്തമമാണ്. പീനട്ട്, ആല്‍മണ്ട്, വാള്‍നട്ട് തുടങ്ങിയ എല്ലാ നട്‌സും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കും. സൊയാബീനില്‍ ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയതിനാല്‍ ഇതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സാല്‍മണ്‍, മത്തി, അയല പോലുള്ളവയില്‍ ഒമേഗ 3 ഫാറ്റിആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത്തരം മത്സ്യങ്ങളും കൊളസ്‌ട്രോളിനെ ചെറുക്കാന്‍ വളരെ നല്ലതാണ്.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഇലക്കറികളില്‍ മുന്നിലാണ് ചീരയുടെ സ്ഥാനം. നാരുകള്‍ക്കു പുറമെ വൈറ്റമിന്‍ ബി, മഗ്നീഷ്യം, വൈറ്റമിന്‍ ഇ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *