കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകണം;മാർ​ഗരേഖ തയ്യാറാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകണമെന്ന് സുപ്രീകോടതി. എത്ര തുക നൽകണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച മാർ​ഗനിർദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറ് മാസത്തിനുള്ളിൽ മാർ​ഗരേഖ സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെയെല്ലാം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നത് സാധ്യമല്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിലപാട്. പണമായി നൽകുന്നതിനോട് യോജിപ്പില്ലെന്നും ആരോ​ഗ്യമേഖലയെ ശക്തിപ്പെടുത്തി എല്ലാവർക്കും തുല്യ ചികിത്സ ഉറപ്പാക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.എന്നാൽ കേന്ദ്രനിലപാട് കോടതി തള്ളി.രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 3.98 ലക്ഷത്തോളം പേരാണ്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ മരണകാരണം വ്യക്തമായി രേഖപ്പെടുത്താനുളള സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന പൊതുതാൽപ്പര്യ ഹർജിയിലായിരുന്നു കോടതി വിധി.

Comments: 0

Your email address will not be published. Required fields are marked with *