ചെന്നൈയുടെ തെരുവുകളില്‍ വാക്സിൻ ഓട്ടോകള്‍

വാക്സിനേഷനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി വെള്ളയും നീലയും നിറമുള്ള ‘വാക്സിൻ ഓട്ടോറിക്ഷ’കൾ ചെന്നൈയിലെ തെരുവുകളിൽ എത്തിയിരിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് ബി. ഗൗതം ആണ് കൊവിഡ് -19 വാക്സിൻ ഓട്ടോ രൂപകൽപ്പന ചെയ്തത്.

വാക്സിനോടുള്ള ജനങ്ങളുടെ വിമുഖത മാറ്റാനും, വാക്സിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും, വാക്സിൻ എടുപ്പിക്കാനുമാണ് ഓട്ടോ നിർമ്മിച്ചിരിക്കുന്നത്. ഗൗതത്തിന്റെ കമ്പനിയായ ‘ആർട്ട് കിംഗ്ഡ’വും , ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനും ഒത്തുചേർന്നാണ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ നൂതന മാർഗം അവലംബിച്ചത്.

‘കമ്മ്യൂണിറ്റികളിലേക്ക് പോകാൻ ഞങ്ങൾക്ക് ഗതാഗതം ആവശ്യമാണ്.’ ഗൗതം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ‘ധാരാളം ആളുകളുള്ള ഇടുങ്ങിയ റോഡുകൾ ഉള്ളതിനാൽ ഒരു ഓട്ടോറിക്ഷയാണ് മികച്ച ഗതാഗത മാർഗ്ഗമെന്ന് ഞങ്ങൾ തീരുമാനിച്ചു.’ അദ്ദേഹം കൂട്ടിച്ചേർത്തു. പത്രങ്ങളും പൈപ്പുകളും പോലുള്ള മാലിന്യങ്ങൾ ശേഖരിച്ചാണ് ഗൗതം ഉള്‍പ്പെടെ അഞ്ച് സംഘവും അവരുടെ തനതായ വാഹനം സൃഷ്ടിച്ചത്.

ലോക്ക്ഡൗണിൽ ഏകദേശം പത്ത് ദിവസങ്ങൾ എടുത്താണ് വാക്സിൻ ഓട്ടോയുടെ നിർമ്മാണം പൂർത്തിയാക്കിയത്. വെള്ളയും നീലയും നിറമുള്ള ഓട്ടോറിക്ഷയാണ് അന്തിമ ഉത്പ്പന്നം. ഓട്ടോയുടെ മുന്നിൽ ഒരു ബാനറും എല്ലാ ഭാഗത്തുനിന്നും വലിയ വാക്സിൻ സൂചികളും നീണ്ടുനിൽക്കുന്നുണ്ട്.

ജൂൺ 25നാണ് ബോധവത്കരണ ഓട്ടോ പ്രവർത്തനം ആരംഭിച്ചത്. പൊതുവായ കൊവിഡ് -19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങൾ പ്ലേ ചെയ്യുന്ന ഓഡിയോ സംവിധാനമാണ് വാഹനത്തിൽ ഉള്ളത്. കൂടാതെ, പോകുന്നിടത്തെല്ലാം ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.

വീഡിയോ കാണാം : https://www.instagram.com/p/CQi-fwKjloV/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *