ചെറി ചെറുതാണെങ്കിലും ഗുണം ചെറുതല്ല

ചെറി കാഴ്ചയില്‍ ചെറുതാണെങ്കിലും ഗുണം വളരെ കൂടുതലാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വീട്ടുവളപ്പില്‍ വെച്ചുപിടിപ്പിക്കാവുന്ന ഒരു സൂപ്പര്‍ഫുഡ് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ചെറി. മധുരവും പുളിപ്പും കലര്‍ന്ന സ്വാദ്! പഴം നേരിട്ട് കഴിക്കുന്നതു കൂടാതെ അച്ചാര്‍, വൈന്‍ എന്നിവ ഉണ്ടാക്കിയും കഴിക്കാനാകും.

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിന്‍ അടങ്ങിയിട്ടുണ്ട്. ചെറിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നതിലൂടെ ശരീരത്തിലെ രക്തസമ്മര്‍ദവും കുറയ്ക്കാം.

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി ചെറി കഴിക്കാം. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്ന പഴങ്ങളുടെ പട്ടികയില്‍ മുന്നിലായതിനാല്‍ മറവിരോഗത്തെ പ്രതിരോധിക്കാനും ചെറി ഉത്തമമാണ്. ചര്‍മ്മത്തിന് തിളക്കവും നിറവും നിലനിര്‍ത്താന്‍ ചെറി സഹായിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ആല്‍ക്കലി സ്വഭാവമുള്ള പഴമായതിനാല്‍ ദഹനക്കുറവ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ചെറി കഴിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നു. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതു മൂലം പക്ഷാഘാതം, ഹൃദ്രോഗം എന്നിവയെ ചെറുക്കാനും ചെറി ശീലിക്കാവുന്നതാണ്. വെറ്റമിന്‍ എ, വെറ്റമിന്‍ സി, സിങ്ക്, ഇരുമ്പ്, ചെമ്പ്, മാംഗനീസ് എന്നിവയുടെ കലവറയാണ് ഈ ഇത്തിരിപ്പോന്നന്‍ ചെറി.

Comments: 0

Your email address will not be published. Required fields are marked with *