ഡീകോഡിംഗ് ശങ്കര്‍ ടൊറന്റൊ മേളയിലേക്ക്

പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്റെ സംഗീത ജീവിതം ആസ്പദമാക്കിയ ഡോക്യുമെന്ററി ടൊറന്റൊ രാജ്യാന്തര വനിതാ ചലച്ചിത്ര മേളയില്‍ ഇടം നേടി. സെപ്റ്റംബര്‍ 9ന് ആരംഭിക്കുന്ന മേളയിലെ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡീകോഡിംഗ് ശങ്കര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഗായകന്റെ രണ്ടു പതിറ്റാണ്ടുകള്‍ക്ക് അപ്പുറമുള്ള ജീവിത – സംഗീത താളം കാട്ടിത്തരുന്നു. 45 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഗായകന്‍ തന്നെയാണ് തന്റെ ജീവിതത്തെ കുറിച്ച് വിവരിക്കുന്നത്.

അമിതാഭ് ബച്ചന്‍, ജാവേദ് അക്തര്‍, അമീര്‍ ഖാന്‍ തുടങ്ങിയവര്‍ ശങ്കര്‍ മഹാദേവന്റെ പ്രാഗത്ഭ്യത്തെ കുറിച്ച് ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. ദക്ഷിണ കൊറിയ, ജര്‍മനി, സ്‌പെയ്ന്‍, സ്വീഡന്‍ എന്നിവിടങ്ങളിലെ രാജ്യാന്തര മേളകളിലും ഇന്ത്യന്‍ രാജ്യാന്തര മേളയിലെ പനോരമ വിഭാഗത്തിലും മുന്‍പ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്യുന്ന ആദ്യ ഡോക്യുമെന്ററിയാണ് ഇത്. പ്രശസ്ത സംവിധായകന്‍ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി. പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിന് വേണ്ടി രാജീവ് മല്‍ഹോത്രയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *