ഡോര്‍ സ്റ്റെപ് സര്‍വീസ് വീണ്ടും പുനരാരംഭിച്ച് എം ജി മോട്ടോഴ്സ്

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോഴ്‌സ് ഡോര്‍ സ്റ്റെപ്പ് സര്‍വീസ് സംവിധാനം പുനരാരംഭിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എം ജി കെയര്‍ അറ്റ് ഹോം എന്ന ഈ പദ്ധതി പ്രകാരം എം ജി മോട്ടോഴ്സ് ജീവനക്കാര്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തി, വാഹനത്തിന്റെ സര്‍വീസും സാനിറ്റൈസേഷനും നിര്‍വഹിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ വീട്ടില്‍ തന്നെ സുരക്ഷിതരായി തുടരുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

കാര്‍ സാനിറ്റൈസേഷന്‍, ഫ്യൂമിഗേഷന്‍, ജനറല്‍ കാര്‍ ചെക്ക് – അപ്പ്, കാര്‍ ഡ്രൈ വാഷ്, മൈനര്‍ ഫിറ്റിങ്ങ്സ് ആന്‍ഡ് ഫിറ്റ്മെന്റ് സേവനങ്ങളാണ് എം.ജി. കെയര്‍ അറ്റ് ഹോം പ്രോഗ്രാമില്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പ്രത്യേകമായി ഒരുക്കിയിട്ടുള്ള പോര്‍ട്ടബിള്‍ ഉപകരണങ്ങളുടെ സഹായത്തോടെ ആയിരിക്കും എം ജി മോട്ടോഴ്സ് ജീവനക്കാര്‍ വാഹനങ്ങളുടെ അറ്റകുറ്റ പണികളും ഫ്യൂമിഗേഷന്‍ ഉള്‍പ്പെടെയുള്ള ജോലികളും ചെയ്യുന്നത്. സര്‍വീസ് ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ സേവനം ലഭ്യമാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എം ജി കസ്റ്റമര്‍ കെയര്‍ ആപ്പ് വഴി സര്‍വീസ് ബുക്ക് ചെയ്യാം. എം ജിയുടെ 245 ടച്ച് പോയിന്റുകളിലും സര്‍വീസുകളും മറ്റും ആരംഭിക്കുമെന്നും കമ്പനി പറയുന്നു. ഹെക്ടര്‍ ആംബുലന്‍സുകള്‍ സംഭാവന, ഓക്‌സിജന്‍ നിര്‍മ്മാണം, കമ്പനിയുടെ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ പരിരക്ഷ, ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ കണ്‍സള്‍ട്ടേഷന്‍ തുടങ്ങി ഇന്ത്യയിലെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് എംജി മോട്ടോഴ്‌സ്.

Comments: 0

Your email address will not be published. Required fields are marked with *