‘ഡ്രാഗൺ മാൻ’ : മനുഷ്യന്റെ ഏറ്റവും അടുത്ത പൂർവ്വികരെന്ന് ശാസ്ത്രജ്ഞര്‍

വടക്കുകിഴക്കൻ ചൈനയിൽ പുതുതായി കണ്ടെത്തിയ ഒരു തലയോട്ടി മനുഷ്യന്റെ പുതിയൊരു സ്പീഷിസിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇവരെ ഹോമോ ലോംഗി അഥവാ ‘ഡ്രാഗൺ മാൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

വംശാവലി പരിശോധിക്കുമ്പോൾ നിയാണ്ടർത്തലുകളെ പിന്തള്ളി ഡ്രാഗൺ മാൻ നമ്മുടെ ഏറ്റവും അടുത്ത പൂർവ്വികരാണെന്ന് അനുമാനങ്ങൾ പറയുന്നു. 1930കളിൽ ഹീലോംഗ്ജിയാങ് പ്രവിശ്യയിൽ നിന്ന് ഈ ഹാർബിൻ ക്രേനിയം കണ്ടെത്തിയെങ്കിലും ജാപ്പനീസ് സൈന്യത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി 85 വർഷമായി അതൊരു കിണറ്റിൽ ഒളിപ്പിച്ചിരുന്നതായി റിപ്പോർട്ട് പറയുന്നു. പിന്നീട് ഇത് കുഴിച്ചെടുത്ത് 2018ൽ ഹെബി ജിയോ സർവകലാശാലയിലെ പ്രൊഫസറായ ജി ക്വിയാങ്ങിന് കൈമാറി.

‘ഞങ്ങളുടെ വിശകലനങ്ങളിൽ, നിയാണ്ടർത്തലുകളെക്കാൾ മനുഷ്യവംശത്തോട് ഏറ്റവും അടുത്തു നിൽക്കുന്നവയാണ് ഹാർബിൻ ഗ്രൂപ്പ്. ഇവയെ വ്യത്യസ്ത ഇനങ്ങളായി കണക്കാക്കുന്നുവെങ്കിൽ, ഇതാണ് നമ്മുടെ സഹോദര (ഏറ്റവും അടുത്ത ബന്ധമുള്ള) വംശം.’ ക്രിസ് സ്ട്രിങ്ങർ പറഞ്ഞു.

ദി ഇന്നൊവേഷൻ ജേണലിലെ മൂന്ന് പ്രബന്ധങ്ങളിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. തലയോട്ടി കുറഞ്ഞത് 1,46,000 വർഷങ്ങൾ പഴക്കമുള്ളതാണ്. ആധുനിക മനുഷ്യരുമായി താരതമ്യപ്പെടുത്താവുന്ന തലച്ചോറിനെ ഇതിന് ഉൾക്കൊള്ളാൻ കഴിയും. വലിയ കണ്ണ് സോക്കറ്റുകൾ, കട്ടിയുള്ള നെറ്റി വരമ്പുകൾ, വിശാലമായ വായ, വലുപ്പമുള്ള പല്ലുകൾ എന്നിവയാണ്‌ ഇവയ്ക്കുള്ളത്.

‘ഡ്രാഗൺ റിവർ’ എന്നർത്ഥമുള്ള ലോംഗ് ജിയാങ്ങിൽ നിന്നാണ് ‘ഡ്രാഗൺ മാൻ’ എന്ന പേര് ഉരുത്തിരിഞ്ഞത്. ഒരു വെള്ളപ്പൊക്കമുള്ള വനപ്രദേശത്ത് താമസിച്ച ഒരു 50 വയസ് പ്രായമുള്ള പുരുഷന്റേതാണ് ക്രേനിയം എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

പുരാവസ്തു സാമഗ്രികളുടെ അഭാവം കാരണം അവരുടെ സംസ്കാരത്തെയും സാങ്കേതിക തലത്തെയും കുറിച്ച് ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളുണ്ട്. പക്ഷെ, കണ്ടെത്തലുകൾക്ക് മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള നമ്മുടെ പരിമിതമായ അറിവിനെ പുനർനിർമ്മിക്കാൻ കഴിയും.
‘കിഴക്കൻ ഏഷ്യയിൽ സ്വന്തം പരിണാമചരിത്രമുള്ള മൂന്നാമത്തെ മനുഷ്യ വംശത്തെ ഇത് സ്ഥാപിക്കുകയും മനുഷ്യ പരിണാമത്തിന് ഈ പ്രദേശം എത്രത്തോളം പ്രധാനമാണെന്ന് കാണിക്കുകയും ചെയ്യുന്നു.’ സ്ട്രിംഗർ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *