ദിലീപിന്റെ വാക്ക് കേട്ട് തിരിച്ചുവന്നു ; ‘വെട്ടം’ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് നന്ദു പൊതുവാള്‍

പ്രിയദര്‍ശന്‍ – ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന വെട്ടം എന്ന ചിത്രത്തില്‍ നന്ദു പൊതുവാള്‍ അവതരിപ്പിച്ച ട്രെയിന്‍ യാത്രക്കാരന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്നും ട്രോള്‍ മീമുകളിലൂടെ ആ രംഗം പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോള്‍ ഈ കഥാപാത്രത്തിലേക്ക് താന്‍ എത്തിപ്പെട്ടത് വളരെ യാദൃശ്ചികമായിട്ട് ആയിരുന്നുവെന്ന് നന്ദു പൊതുവാള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

നന്ദു പൊതുവാളിന്റെ വാക്കുകളിലേക്ക് :

‘ഞാന്‍ അന്ന് ‘റണ്‍വേ’യുടെ ലൊക്കേഷന്‍ നോക്കാനായി പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്നു. അവിടെ വെട്ടം സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. ഞാന്‍ ദിലീപിനെ പോയി കണ്ടു.

മടങ്ങുമ്പോള്‍ പെട്ടെന്ന് ദിലീപ് വിളിച്ചു. ‘നിനക്ക് പോയിട്ട് തിരക്കില്ലെങ്കില്‍ വേഗം തിരിച്ചു വാ’യെന്ന് പറഞ്ഞു. നാളെ ഒരു വേഷം ചെയ്തിട്ട് പോകാമെന്ന്.

ഒരു ട്രെയിനിലെ സീക്വന്‍സ് ആയിരുന്നു. കൈകൂപ്പി നില്‍ക്കുന്ന ആക്ഷന്‍ ഞാന്‍ വെറുതെ കാണിച്ചതാണ്. അതു കണ്ട പ്രിയന്‍ സാര്‍ (പ്രിയദര്‍ശന്‍) അത് കണ്ടിന്യൂ ചെയ്തോളാന്‍ പറഞ്ഞു. ദിലീപ് അപ്പോള്‍ കൗണ്ടര്‍ അടിക്കാന്‍ തുടങ്ങി. അങ്ങനെ സ്പോട്ടില്‍ ചെയ്ത വേഷം ആയിരുന്നു അത്.’

മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നന്ദു അബി, നാദിര്‍ഷ, ദിലീപ് എന്നിവരോടൊപ്പം മിമിക്രി വേദികളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സിനിമകള്‍ കൂടാതെ ചില സീരിയലുകളിലും നന്ദു അഭിനയിച്ചിട്ടുണ്ട്. ഇതിനകം 250ഓളം സിനിമകളില്‍ നന്ദു ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *