ദുരിതത്തിനിടയിലും മറ്റുള്ളവര്‍ക്കായി വയലിന്‍ വായിക്കുന്ന വൃദ്ധന്‍

കൊൽക്കത്തയുടെ തെരുവോരങ്ങളിൽ നിന്ന് വയലിൻ വായിക്കുന്ന ഒരു വൃദ്ധൻ! ചുറ്റുപാടുകളെ ഗൗനിക്കാതെ ബോളിവുഡ് ഗാനങ്ങൾ തന്റെ വയലിനിൽ മീട്ടുകയാണ് അദ്ദേഹം. രാത്രിയിൽ കൊൽക്കത്തയുടെ തെരുവീഥികളിൽ നിന്ന് വയലിൻ വായിക്കുന്ന ഭോഗോബൻ മാലിയുടെ സംഗീതമാണ് ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത്.

ആരിഫ് ഷാ എന്ന മാധ്യമപ്രവർത്തകനാണ് പ്രസ്തുത വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പിന്നീട് സംഗീതസംവിധായകൻ സവി ഗുപ്ത വീഡിയോ പങ്കുവെക്കുകയും, കഷ്ടപ്പെടുന്ന കലാകാരനെ സഹായിക്കാൻ തന്റെ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.
2 മിനിറ്റ് 5 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ശൂന്യമായ തെരുവിൽ നിന്ന് ഒരു വൃദ്ധൻ വയലിനിൽ ബോളിവുഡ് ഗാനങ്ങൾ വായിക്കുന്നത് കാണാം. 1964 ൽ പുറത്തിറങ്ങിയ കശ്മീർ കി കാളി എന്ന ചിത്രത്തിൽ ആശാ ഭോസ്‌ലെയും മുഹമ്മദ് റാഫിയും ചേർന്നാലപിച്ച ദിവാന ഹുവ ബാദൽ എന്ന ഗാനമാണ് ഭോഗോബൻ അവതരിപ്പിക്കുന്നത്.

‘ഇദ്ദേഹത്തിന്റെ പേര് ഭോഗോബൻ മാലി. ഞാൻ അറിഞ്ഞത് അദ്ദേഹം ഗിരീഷ് പാർക്കിന് ചുറ്റും എവിടെയോ താമസിക്കുന്നുവെന്നാണ്. ഒരു തവണ ഈ കലാകാരന്മാർക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്തിട്ട് കാര്യമില്ല. ദീർഘകാലത്തേക്ക് ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ഒരു യഥാർത്ഥ സഹായമായിരിക്കും. അദ്ദേഹത്തിനുമാത്രമല്ല അദ്ദേഹത്തെപ്പോലുള്ള എല്ലാ പ്രതിഭാധനരായ കലാകാരന്മാർക്കും സഹായങ്ങൾ ചെയ്യണം’ സവി ഗുപ്ത കുറിച്ചു. നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തെ സഹായിക്കാൻ ഭോഗോബൻ മാലിയുടെ കൃത്യമായ വിലാസം അന്വേഷിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ കാണാം : https://twitter.com/i/status/1401262663636713480

Comments: 0

Your email address will not be published. Required fields are marked with *