നവജാതശിശുവിന് എച്ച്ടിഎംഎല്‍ എന്ന് പേരിട്ട് ഫിലിപ്പിനോക്കാരന്‍

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവർക്കായി മാതാപിതാക്കൾ മനോഹരവും അപൂർവ്വവുമായ പേരുകൾ തിരയുന്നത് സാധാരണമാണ്. ചില കൗതുകകരമായ പേരുകൾ നമ്മുടെ ശ്രദ്ധയെ ആകർഷിക്കാറുമുണ്ട്. പലതിനോടുമുള്ള സ്നേഹമാണ് പലപ്പോഴും പേരുകളായി മാറുന്നത്. അത്തരത്തിൽ ഇന്റർനെറ്റിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഫിലിപ്പൈൻസിൽ നിന്നുള്ള ഒരു പിതാവ് തന്റെ മകന് ‘എച്ച്ടിഎംഎൽ’ (HTML) എന്ന് പേരിട്ടിരിക്കുകയാണ്.

എച്ച്ടിഎംഎൽ എന്ന പേര് സോഷ്യൽ മീഡിയയിൽ വലിയ ഭൂകമ്പമാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. എന്നാൽ കുടുംബം അവരുടെ തീരുമാനത്തെ ന്യായീകരിക്കുകയും ശാന്തരാകാൻ നെറ്റിസൺസിനോട് ആവശ്യപ്പെടുകയും ചെയ്തു. നവജാതശിശുവിന്റെ ബന്ധു സിൻസിയർലി പാസ്ക്വലാണ് ഈ മാസം ആദ്യം കുഞ്ഞിന്റെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് റായോ പാസ്ക്വൽ (HTML) എന്ന ഈ അപൂര്‍വ്വ നാമത്തെ ലോകത്തിനോട് വെളിപ്പെടുത്തിയത്.

കുട്ടിയുടെ പിതാവും വെബ്ബ് ഡെവലപ്പറുമായ മാക്ക് പാസ്ക്വലാണ് ഈ അപൂർവ്വ പേരിനു പിന്നിൽ എന്ന് ഫിൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തന്റെ കുടുംബത്തിന് അപൂർവ്വമായ പേരുകൾ സ്വന്തമാക്കിയ ചരിത്രമുണ്ടെന്ന് സിൻസിയർലി പാസ്ക്വൽ ഇൻക്വയർനെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ സഹോദരൻ മാക്കിന്റെ യഥാർത്ഥ പേര് മാക്രോണി 85 എന്നാണെന്നും, മറ്റൊരു സഹോദരിയുടെ പേര് സ്പാഗെറ്റി 88 എന്ന് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ട് അനുസരിച്ച് പാസ്ക്വലിന്റെ സഹോദരി സ്പാഗെറ്റിക്ക്, ചീസ് പിമിയന്റോ, പാർമെസൻ ചീസ് എന്നീ പേരുകളുള്ള രണ്ട് കുട്ടികളുമുണ്ട്. കൂടാതെ ഇവർക്ക് ഡിസൈൻ, റിസർച്ച് എന്ന പേരുകളുള്ള ബന്ധുക്കളുമുണ്ട്.

കുട്ടിയുടെ പേരിന് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. എലോൺ മസ്‌ക് തന്റെ നവജാതശിശുവിന് നൽകിയതുപോലെ X Æ A-Xii എന്നല്ലല്ലോ കുഞ്ഞിന് പേരിട്ടതെന്നും ചിലർ തമാശ പറഞ്ഞു. പേര് കാരണം കുട്ടി സ്കൂളിൽ അപമാനിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

എന്നാൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പാസ്ക്വൽ. ‘പേരിന്റെ പേരിലായാലും എന്തിന്റെ പേരിലായാലും ബുള്ളിയിങ് ഒരു സാധാരണമായ കാര്യം എന്ന നിലയിൽ കാണിക്കുന്നത് എത്ര ദയനീയമാണ്.. വിഷമിക്കേണ്ട. ഹൈപ്പർടെക്സ്റ്റ് മാർക്ക്അപ്പ് ഭാഷ പ്രീ സ്‌കൂളിലോ ഗ്രേഡ് സ്‌കൂളിലോ ഉള്ളവർക്ക് അറിയാൻ വഴിയില്ല. പേരിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ ഞങ്ങളത് കൈകാര്യം ചെയ്തോളാം.’ പാസ്ക്വല്‍ ഫേസ്ബുക്കിൽ കുറിച്ചു.

Comments: 0

Your email address will not be published. Required fields are marked with *