നാടിനെ നീന്താന്‍ പഠിപ്പിച്ച് ഹസീന

രണ്ടാള്‍ ആഴമുള്ള കുളത്തില്‍ ഹസീന നീന്താന്‍ പഠിപ്പിക്കുന്നത് ഒരു നാടിനെ മുഴുവനാണ്. ദിവസേന 20ഓളം കുട്ടികളാണ് നീന്തല്‍ പഠിക്കാന്‍ ഹസീനയുടെ ശിഷ്യന്മാരായി എത്തുന്നത്. പതിയെ ഇവര്‍ ജലപ്പരപ്പിനോട് സൗഹൃദത്തിലാവുകയും, ആഴത്തിനോടുള്ള ഭയം മാറുകയും ചെയ്യും.

പാലക്കാട് ജില്ലയിലെ പത്തിരിപ്പാല ചന്ത യാസീന്‍ നഗറില്‍ ബാഷ മന്‍സിലില്‍ ഹസീനയാണ് രണ്ട് വര്‍ഷത്തോളമായി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിക്കുന്നത്. ദിവസേന വൈകിട്ടാണ് നീന്തല്‍ പരിശീലനം. പത്തിരിപ്പാല യാസീന്‍ നഗറിലെ തെഞ്ചേരി കുളമാണ് രണ്ട് വര്‍ഷമായി ഹസീനയുടെ കളരി.

സൗജന്യമായാണ് ഹസീന പരിശീലനം നല്‍കുന്നത്. പരിശീലനത്തിനിടെ കുട്ടികള്‍ക്ക് ചായയും കടിയും നല്‍കുന്നതും ഇവരുടെ പതിവാണ്. തയ്യല്‍ ജോലിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഹസീന ഇതിനായി ഉപയോഗിക്കുന്നത്.

ശിഷ്യരെ ഓളപ്പരപ്പില്‍ ചാമ്പ്യന്മാരാക്കാന്‍ വേണ്ട എല്ലാ പരിശീലനവും നല്‍കിയാണ് ഹസീന കുട്ടികളെ പറഞ്ഞ് അയയ്ക്കുക. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ മത്സരം നടത്തി ഉപഹാരവും നല്‍കാറുണ്ട്. ചെറുപ്പത്തില്‍ തന്നെ നീന്തല്‍ പഠിച്ചതിനാല്‍ ഏത് ആഴമുള്ള കുളത്തിലും ചാടാനുള്ള ധൈര്യം ഹസീനക്കുണ്ട്. വാര്‍ഡ് അംഗം എ.എ. ശിഹാബും ഹസീനക്ക് പിന്തുണ നല്‍കുന്നുണ്ട്. ഹസീനയെ മണ്ണൂര്‍ പഞ്ചായത്ത് നേരത്തെ ആദരിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *