നിയമപരിരക്ഷ നഷ്ടമായതോടെ ട്വിറ്ററിന്റെ ഓഹരിയില്‍ വന്‍ ഇടിവ്

പുതിയ ഐടി നിയമങ്ങളെ ചൊല്ലി ഇന്ത്യൻ സർക്കാരുമായുള്ള തർക്കം നടക്കുന്നതിനിടെ ട്വിറ്ററിന്റെ ഓഹരി വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 48.07 ബില്യൺ ഡോളറായിരുന്ന കമ്പനി വിപണിയുടെ മൂലധനം 0.43 ബില്യൺ ഡോളർ ഇടിഞ്ഞ്‌ 47.64 ബില്യൺ ഡോളർ എന്ന നിരക്കിലായത് ഒരേയൊരു ദിവസം കൊണ്ടാണ്. ഫെബ്രുവരി 26ന് 80.75 ഡോളർ ആയിരുന്നു ട്വിറ്ററിന്റെ ഓഹരി വില. അതായത് 52 ആഴ്ചയിലെ ഉയർന്ന നിരക്ക്. ഇതാണ് ഘട്ടം ഘട്ടമായി താഴ്ന്ന് ഇപ്പോഴത്തെ നിരക്കില്‍ എത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ട്വിറ്ററിന്റെ ഓഹരി വിലയിലെ നഷ്ടം 25.78 ശതമാനമായിരിക്കുന്നു.

സർക്കാർ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിനായി ഒന്നിലധികം അവസരങ്ങൾ ട്വിറ്ററിന് നൽകിയിരുന്നു. പക്ഷെ അത് പാലിക്കാൻ മടിച്ചതോടെയാണ് ഇന്ത്യയിലെ ട്വിറ്ററിന്റെ നിയമപരിരക്ഷ നഷ്ടമായത്. മെയ് 26ന് നിലവിൽ വന്ന ഐടി ചട്ടമാണ് ട്വിറ്ററിന് പാലിക്കാൻ കഴിയാതിരുന്നത്.

കഴിഞ്ഞ വർഷം കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനു പകരം ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി കാണിച്ചതിനെ തുടർന്ന് ട്വിറ്ററിന് ഇന്ത്യൻ സർക്കാർ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് #BanTwitter ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും കമ്പനിയുടെ ഓഹരി വില ഇടിയുകയും ചെയ്തത്. ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച അക്കൗണ്ടുകൾ പുനസ്ഥാപിച്ചതും ട്വിറ്ററിന് വിനയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *