പരിചയമില്ലാത്ത നമ്പറില്‍ നിന്നും വന്ന ആ കോള്‍ ഭാഗ്യമായി ; അങ്ങനെ ഐശ്വര്യ ലക്ഷ്മി ‘ജഗമേ തന്തിര’ത്തിലെത്തി

വളരെ കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. താരം അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ‘ജഗമേ തന്തിരം’ എന്ന തമിഴ് ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ധനുഷ് ആണ് ഈ ചിത്രത്തിലെ നായകന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രമായെത്തി.

എങ്ങനെയാണ് ‘ജഗമേ തന്തിരം’ എന്ന സിനിമയുടെ ഭാഗമായതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. ഒഡീഷന്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ‘ജഗമേ തന്തിര’ത്തിന്റെ ചിത്രീകരണം തുടങ്ങിയത്. ഒഡീഷന്‍ സമയത്ത് വിളിക്കാം എന്ന് പറഞ്ഞെങ്കിലും ഫോണ്‍കോള്‍ ഒന്നും ഐശ്വര്യ ലക്ഷ്മിക്ക് വന്നില്ല. തന്നെ സ്നേഹപൂര്‍വ്വം ഒഴിവാക്കിയതായാണ് ആദ്യം കരുതിയത് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഇതിനിടെ ഐശ്വര്യ ലക്ഷ്മി തന്റെ ഫോണ്‍ നമ്പര്‍ മാറ്റി. എന്നാല്‍ ഇടയ്ക്കിടെ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്നും കോളുകള്‍ വന്നു. പരിചയമില്ലാത്ത നമ്പര്‍ ആയതുകൊണ്ടുതന്നെ അതിനെ താരം മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍ തുടര്‍ച്ചയായി കോളുകള്‍ വന്നപ്പോള്‍ ഒരു ദിവസം താരം ഫോണ്‍ എടുത്തു. കാര്‍ത്തിക് സുബ്ബരാജിന്റെ മാനേജരായിരുന്നു ഫോണില്‍. വിളിച്ചിട്ട് കിട്ടാത്തതിനാല്‍ പുതിയ ഒരാളെ നോക്കാം എന്ന് തീരുമാനിച്ചിരുന്നു അവര്‍. എങ്കിലും അവസാനമായി ഒന്നുകൂടി വിളിച്ചപ്പോഴാണ് താന്‍ ഫോണ്‍ എടുത്തത് എന്നും ഐശ്വര്യ പറഞ്ഞു. അത് ഒരു ഭാഗ്യമായെന്നും അങ്ങനെ ചിത്രത്തിന്റെ ഭാഗമായി എന്നും താരം കൂട്ടിച്ചേര്‍ത്തു.

Comments: 0

Your email address will not be published. Required fields are marked with *