പാവാട ധരിച്ചെത്തിയ ആണ്‍കുട്ടികളും അധ്യാപകരും ; വേറിട്ട പ്രതിഷേധത്തിന് പിന്നില്‍

തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധം സ്പെയിനിൽ അരങ്ങേറുകയാണ്. ദിവസങ്ങള്‍ ഏറെയായി സമൂഹമാധ്യമങ്ങളില്‍ പലയിടത്തും പാവാട ധരിച്ചിട്ടുള്ള ആണ്‍കുട്ടികളുടെയും അധ്യാപകരുടെയുമൊക്കെ ചിത്രങ്ങള്‍ പലരും കണ്ടു കാണും. എന്നാല്‍ ഈ വസ്ത്രധാരണം തമാശയോ അഭിനയമോ ഒന്നമുല്ല. മറിച്ചൊരു പ്രതിഷേധമാണ്. ലിംഗ വിവേചനത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു സംഭവങ്ങളുടെ എല്ലാം തുടക്കം. അന്ന് മൈക്കിള്‍ ഗോമസ് എന്ന ഒരു വിദ്യാര്‍ത്ഥി തന്റെ സ്‌കൂളില്‍ പാവാട ധരിച്ചെത്തി. എന്നാല്‍ കുട്ടിക്ക് മാനസികപ്രശ്‌നമാണെന്ന് പറഞ്ഞ് കൗണ്‍സിലിംഗും മറ്റും സ്കൂള്‍ അധികൃതര്‍ നല്‍കുകയാണുണ്ടായത്. ഒടുവില്‍ താന്‍ പാവട ധരിച്ചെത്തിയതിന്റെ കാരണം വീഡിയോകളിലൂടെ ഈ കുട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. ലിംഗഭേദം അനുസരിച്ച് സ്‌പെയിനില്‍ നടമാടുന്ന സാമൂഹിക സദാചാരത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ആ വസ്ത്രധാരണത്തിലൂടെ മൈക്കിള്‍ ഗോമസ്.

പിന്നീട് ഈ പ്രതിഷേധം കൂടുതല്‍ ശക്തമായി തുടങ്ങി. ഇപ്പോഴിതാ ചില അധ്യാപകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്‌കൂളുകളില്‍ പാവാട ധരിച്ചെത്തി. നിരവധി അധ്യാപകര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. പ്രതിഷേധത്തിന്റെ ഫലമായി പല സ്‌കൂളുകളിലും ലിംഗനീതി എന്നൊരു വിഷയം തന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *