Flash News

പിജി ഡോക്ടർമാർ അത്യാഹിത വിഭാ​ഗങ്ങളിൽ ഡ്യൂട്ടിക്ക് തിരികെ കയറി; ഒപി ബഹിഷ്കരണം തുടരും

മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് സമരം മയപ്പെടുത്തി പിജി ഡോക്ടർമാർ. അടിയന്തര ഡ്യൂട്ടി ബഹിഷ്കരണം ഒഴിവാക്കി എമർജൻസി ഡ്യൂട്ടികളിലേക്ക് ഡോക്ടർമാർ തിരികെ പ്രവേശിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അസോസിയേഷന്‍റെ തീരുമാനം. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കും. അഞ്ച് ദിവസമാണ് എമർജൻസി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തത്. ഇതിന് ശേഷമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് അവരെ രണ്ട് തവണയായി ചർച്ചയ്ക്ക് വിളിച്ചത്.

ആരോഗ്യമന്ത്രി വീണാ ജോർജുമായി സമരം തുടങ്ങിയ ശേഷം ഇന്നലെ നടത്തിയ രണ്ടാം ചർച്ചയും വിജയമായിരുന്നില്ല. സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി ഇന്ന് ആരോഗ്യവകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ചർച്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ചർച്ച. സ്റ്റൈപ്പൻഡ് വർധിപ്പിക്കണമെന്നും കൂടുതൽ നോൺ അക്കാദമിക്ക് റസിഡന്‍റ് ഡോക്ടർമാരെ നിയമിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളിൽ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തല ചർച്ച. ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം വ്യക്തത നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.

Comments: 0

Your email address will not be published. Required fields are marked with *