പിതൃദിനത്തില്‍ വൈറലായി മഞ്ജുവിന്റെ ഓര്‍മ്മകള്‍

പിതൃദിനത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് മഞ്ജു വാര്യരുടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ. മലയാളികളുടെ അഭിമാന താരമായ മഞ്ജു വാര്യർ അച്ഛനെക്കുറിച്ച് വാചാലയാവുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് കണ്ണൻ സാഗറാണ്. വീഡിയോയിലെ മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ :

‘അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് തമിഴ് മണ്ണിലാണ്. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ എന്ന സ്ഥലത്താണ് ഞാൻ വളർന്നത്. അവിടെ ഒരു ചിട്ടിക്കമ്പനിയില്‍ ആയിരുന്നു അച്ഛന് ജോലി.

ഞങ്ങൾക്ക് ചിരിക്കാൻ വേണ്ടി ഒരുപാട് സങ്കടങ്ങൾ അച്ഛൻ ഉള്ളിലൊതുക്കിയിരുന്നു.അന്നൊന്നും അത് എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. തുച്ഛമായ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചും സ്വന്തം ആഗ്രഹങ്ങളും സൗകര്യങ്ങളുമൊക്കെ മാറ്റി വെച്ചിട്ടുമാണ് അച്ഛൻ ഞങ്ങളുടെ പല ആവശ്യങ്ങളും നടത്തി തന്നിരുന്നത്. യാത്ര ചെയ്യാൻ കമ്പനി അനുവദിച്ച പണം ഞങ്ങളുടെ എന്തെങ്കിലും ആവശ്യത്തിന് മാറ്റി വെച്ചിട്ട് അച്ഛൻ നടന്നു പോകും. അച്ഛന്റെ വിയർപ്പു തുള്ളികൾ കൊണ്ട് കോർത്തതാണ് എന്റെ ചിലങ്ക എന്ന് പലപ്പോഴും തോന്നാറുണ്ട്.

ജീവിതത്തിലെ മിക്ക തീരുമാനങ്ങളും സ്വന്തമായി എടുത്തപ്പോഴും അച്ഛൻ കുറ്റം പറഞ്ഞില്ല. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ജീവിതത്തിലെ പിൻബലം. പക്ഷേ മരം പോലെ തണലിലേയ്ക്ക് ഞങ്ങളെ അടുപ്പിച്ച്‌ ചേർത്ത് നിർത്തിയിരുന്ന അച്ഛൻ തളർന്നു പോകുന്നത് ഞാൻ കണ്ടു. അത് ഈ അടുത്ത കാലത്ത് അച്ഛന് ക്യാൻസർ പിടിപെട്ടപ്പോഴാണ്. അതുവരെ അച്ഛൻ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നതു പോലെ ഞങ്ങള്‍ എല്ലാവരും അച്ഛനെയും ചേർത്തു പിടിച്ചു. നൽകിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരു കണിക പോലുമാവില്ല എന്നറിഞ്ഞിട്ടും എല്ലാവരും അച്ഛനോടൊപ്പം ഉണ്ടായിരുന്നു. അപ്പാ, നീങ്ക എനക്ക് കടവുൾ താൻ.’

Comments: 0

Your email address will not be published. Required fields are marked with *