പുത്തന്‍ ഗെറ്റപ്പില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ; ശ്രദ്ധേയമായി ‘കറ’

പോസ്റ്റര്‍ ലുക്ക് കൊണ്ടുതന്നെ വ്യത്യസ്തത സൃഷ്ടിച്ചിരിക്കുന്ന സിനിമകളുണ്ട്. ഇപ്പോഴിതാ ഒരു ഹ്രസ്വചിത്രമാണ് ഇത്തരത്തില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കൂട്ടിക്കല്‍ ജയചന്ദ്രനാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പേര് കേള്‍ക്കുമ്പോള്‍ ആരും നെറ്റി ചുളിക്കേണ്ട, പോസ്റ്ററില്‍ ആ നടന്റെ ഗൗരവമാര്‍ന്ന മുഖം കാണുമ്പോള്‍ ചിത്രം മാത്രമല്ല, നടന്റെ വേറിട്ട വേഷപ്പകര്‍ച്ചയും കൂടിയാണ് ഇതെന്ന് മനസ്സിലാക്കാനാകും.

ഒരു നടന്റെ മുഖഭാവം കൊണ്ടുതന്നെ ഒരു ഹ്രസ്വചിത്രം ഇത്രയധികം ശ്രദ്ധ നേടുന്നത് ഇതാദ്യമായാണെന്നു പറയാം. പോസ്റ്റര്‍ അതിന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചു എന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം.

ഗോവിന്ദന്‍ എന്ന ഗുണ്ടയുടെ ജീവിതമാണ് ലാരിഷ് എഴുതി സംവിധാനം ചെയ്യുന്ന കറ എന്ന ചിത്രം. പ്രശസ്ത നടന്‍ പൃഥിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ചലച്ചിത്ര മേഖലയിലെ നാല്‍പ്പതില്‍ പരം പ്രമുഖര്‍ ഇത് ഏറ്റുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കാനും മുന്നിട്ടു നിന്നു.

വില്ലന്‍ വേഷങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിനയ ജീവിതത്തിലെ പുത്തന്‍ ഗെറ്റപ്പ് സിനിമാ പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ്. കോമഡി ടൈം എന്ന പരിപാടിയിലൂടെയാണ് ജയചന്ദ്രന്‍ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയത്. മൈ ബോസ്, ചാന്തുപൊട്ട്, ദൃശ്യം എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ജയചന്ദ്രന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *