പുത്തൻ ലാൻഡ് ക്രൂയിസറിനെ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചു

ലാൻഡ് ക്രൂയിസര്‍ 300നെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചു. നിലവില്‍ വിപണിയിലുള്ള ലാൻഡ് ക്രൂയിസർ 200 മോഡലിനേക്കാൾ 200 കിലോഗ്രാമോളം ഭാരം കുറച്ചാണ് പുതിയ ലാൻഡ് ക്രൂയിസർ 300 സീരീസ് എത്തിയിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നത്. പ്ലാറ്റ്ഫോമിൽ മാറ്റമുണ്ടെങ്കിലും ലാൻഡ് ക്രൂയിസർ 200 പതിപ്പിന്റെ അതേ നീളവും വീതിയും ഉയരവുമാണ് ലാൻഡ് ക്രൂയിസർ 300 പതിപ്പിനും. 230 എംഎം ഗ്രൗണ്ട് ക്ലിയറൻസും അപ്പ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും അതേപടി തുടരുന്നു. ക്രോമിന്റെ അതിപ്രസരമുള്ള ഗ്രിൽ ആണ് മുൻ കാഴ്ചയിൽ ആകർഷണം. ലാൻഡ് ക്രൂയ്സറിന്റെ റോഡ് പ്രസൻസ് വർദ്ധിപ്പിക്കും വിധമാണ് പുത്തൻ ഗ്രിൽ ഡിസൈൻ ചെയ്‍തിരിക്കുന്നത്. ട്രൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‍ലാംപുകൾ, റീഡിസൈൻ ചെയ്ത് സ്‌പോർട്ടി ഭാവത്തിലെത്തുന്ന ബമ്പറുകൾ, മസ്‍കുലാർ ആയ ബോണറ്റ്, 18-ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് എക്‌സ്റ്റീരിയറിലെ ആകർഷണങ്ങൾ. 409 ബിഎച്ച്പി പവറും, 650 എൻഎം ടോർക്കും നിർമ്മിക്കുന്ന 3.5 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി6 പെട്രോൾ, 304.5 ബിഎച്ച്പി പവറും, 700 എൻഎം ടോർക്കും നിർമ്മിക്കുന്ന 3.3 ലിറ്റർ ട്വിൻ-ടർബോ വി6 ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിലാണ് പുത്തൻ ടൊയോട്ട ലാൻഡ് ക്രൂയ്സർ എത്തുന്നത്. രണ്ട് എഞ്ചിനുകള്‍ക്കും 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ് ഗിയർബോക്‌സ്. റഷ്യയിലും, ഗൾഫ് നാടുകളിലുമാണ് പുതിയ ടൊയോട്ട ലാൻഡ് ക്രൂയ്സർ ആദ്യം വിപണിയില്‍ എത്തുക.

Comments: 0

Your email address will not be published. Required fields are marked with *