പ്രണയിച്ച രണ്ട് പെണ്‍കുട്ടികളെ ഒരേ പന്തലില്‍ താലി ചാര്‍ത്തിയ യുവാവ് ; വൈറല്‍

കമിതാക്കള്‍ വിവാഹിതരാകുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വലിയ വാര്‍ത്തയൊന്നുമല്ല. പക്ഷെ പ്രണയിച്ച രണ്ട് പെണ്‍കുട്ടികളെയും ഒരേ പന്തലില്‍ വെച്ച് താലി ചാര്‍ത്തിയ യുവാവിന് ഇന്ന് വാര്‍ത്താ പ്രാധാന്യമുണ്ട് ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുമാണ്. തെലങ്കാനയിലെ ഖാന്‍പുര്‍ ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

ഗോത്ര വിഭാഗക്കാരനായ അര്‍ജുന്‍ ഒരേ സമയം രണ്ട് പെണ്‍കുട്ടികളെ പ്രണയിച്ചിരുന്നു. ഒരു പെണ്‍കുട്ടിയെ മാത്രം വിവാഹം കഴിക്കാന്‍ തെരഞ്ഞെടുക്കുക എന്നത് പ്രയാസമായതോടെ രണ്ട് പെണ്‍കുട്ടികളെയും ഒരേ പന്തലില്‍ വെച്ച് വിവാഹം കഴിക്കാന്‍ അര്‍ജുന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സുരേഖ, ഉഷാറാണി എന്നീ പെണ്‍കുട്ടികള്‍ വിവാഹത്തിന് സമ്മതം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു മൂന്ന് പേരുടെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അര്‍ജുന്‍ നാല് വര്‍ഷത്തോളമായി ഈ രണ്ട് പെണ്‍കുട്ടികളുമായി പ്രണയത്തില്‍ ആയിരുന്നു. സമുദായത്തിന്റെ സമ്മതം വാങ്ങിയതിനു ശേഷം ആയിരുന്നു വിവാഹം. ‘രണ്ട് പെണ്‍കുട്ടികളും അവനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഒരേ പുരുഷന് ഭാര്യമാരാകാന്‍ ഇരുവര്‍ക്കും സമ്മതമായിരുന്നു. ഗോത്ര വിഭാഗത്തില്‍ ബഹുഭാര്യത്വം അനുവദിക്കുകയും ചെയ്യുന്നുണ്ട്.’ ഗോത്ര വിഭാഗം നേതാവ് വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *