പ്രഫുല്‍ കോഡ പട്ടേലിനെതിരായ പരാതി സുപ്രീംകോടതി സ്വീകരിച്ചു

ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗവും പട്ടികവര്‍ഗ്ഗക്കുരനുമായ മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതി സുപ്രീംകോടതി പൊതുതാല്‍പര്യ ഹരജിയായി രജിസ്റ്റര്‍ ചെയ്തു. സുപ്രീംകോടതി സെക്രട്ടറി ജനറല്‍ മുഖേന ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയാണ് പൊതുതാല്‍പര്യ ഹർജിയായി രജിസ്റ്റര്‍ ചെയ്തത്.

ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നും 7 തവണ വിവിധ പാര്‍ട്ടികളില്‍ നിന്നായി വിജയിച്ചിട്ടുള്ള മോഹന്‍ ദേല്‍കര്‍ കഴിഞ്ഞ തവണ സിറ്റിങ് എം.പിയായ ബി.ജെ.പി നേതാവ് പട്ടേല്‍ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്. ഇത് ബിജെപിക്ക് അദ്ദേഹത്തോട് വിദ്വേഷം ഉണ്ടാക്കാന്‍ കാരണമായെന്ന് പരാതിയില്‍ പറയുന്നു. ബി.ജെ.പി നേതാവായിരുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ മോഹന്‍ ദേല്‍ക്കറിനോട് വിദ്വേഷത്തോടെയും അവഹേളനപരമായും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തി.
മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യാ കേസ്സില്‍ കുറ്റാരോപിതരായ വ്യക്തികള്‍ ഉന്നത സ്ഥാനീയര്‍ ആയതിനാല്‍ സുപ്രീം കോടതിയുടെയോ മുംബൈ ഹൈക്കോടതിയുടെയോ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമോ സി.ബി.ഐയോ കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് സലീം മടവൂര്‍ ചീഫ് ജസ്റ്റിസിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *