‘ബിഗ്ഗ് ബോസിലെ 70 ക്യാമറകളില്‍ നിന്നും ഫുട്ടേജ് എടുത്ത് എഡിറ്റ് ചെയ്തത് ഞാന്‍’ ; സംവിധായകന്‍ ഫൈസല്‍ റാസി

മലയാളത്തില്‍ അടക്കം സംപ്രേക്ഷണം ചെയ്യപ്പെടുന്ന എല്ലാ ഭാഷകളിലും വലിയ വിജയമായി ആഘോഷിക്കപ്പെടാറുള്ള മെഗാ റിയാലിറ്റി ഗെയിം ഷോയാണ് ബിഗ്ഗ് ബോസ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള ടെലിവിഷന്‍ പരിപാടി കൂടിയാണ് ഇത്. ഇതുവരെ ബിഗ്ഗ് ബോസിന്റെ മൂന്ന് മലയാളം സീസണുകള്‍ നടന്നു. കൊവിഡ് കാരണം രണ്ടാം പതിപ്പ് എഴുപത്തിയഞ്ച് ദിവസങ്ങള്‍ കൊണ്ടും, മൂന്നാം പതിപ്പ് തൊണ്ണൂറ്റിയഞ്ച് ദിവസങ്ങള്‍ കൊണ്ടും ചാനലിന് അവസാനിപ്പിക്കേണ്ടതായി വന്നു.

ബിഗ്ഗ് ബോസിന്റെ ഓരോ സീസണും ഇത്ര മനോഹരമാക്കിയതിനു പിന്നില്‍ ബിഗ്ഗ് ബോസിന്റെ സംവിധായകര്‍ക്ക് നിര്‍ണായക പങ്കുണ്ട്, പ്രത്യേകിച്ചും ഓരോ എപ്പിസോഡും എഡിറ്റ് ചെയ്ത് 24 മണിക്കൂറിനെ ഒന്നര മണിക്കൂറില്‍ സംക്ഷിപ്തമാക്കുന്ന സംവിധായകന്. അത് ആരാണെന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സോഷ്യല്‍ മീഡിയ പേജുകളിലൂടെ അടുത്തിടെ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ഷോയെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ഫൈസല്‍ റാസി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

പരസ്യ ചിത്രങ്ങളിലെ പ്രവര്‍ത്തി പരിചയത്തിലൂടെയാണ് ഫൈസല്‍ റാസി ബിഗ്ഗ് ബോസിലേക്ക് എത്തുന്നത്. മാരുതി ഓള്‍ട്ടോ, ഡബ്ള്‍ ഹോര്‍സ്, എലൈറ്റ് ഫുഡ്സ്, മഹീന്ദ്ര, ചീനവല, ജോസ്കൊ, പുളിമൂട്ടില്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ക്ക് പലപ്പോഴും നിറം പകര്‍ന്നതും അദ്ദേഹം ആയിരുന്നു. ബിഗ്ഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് ഫൈസല്‍ കടന്നുവന്നപ്പോള്‍ ആദ്യം മോഹന്‍ലാലിന്റെ മാത്രം ഷൂട്ടിങ്ങ് സീനുകളാണ് ഫൈസല്‍ കൈകാര്യം ചെയ്തിരുന്നത്. എവിക്ഷന്‍ റൗണ്ടുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച ഓരോ ഘട്ടങ്ങളുടെയും സൂത്രധാരന്‍ ഫൈസല്‍ ആയിരുന്നു.

മൂന്നാമത്തെ സീസണ്‍ എത്തിയപ്പോഴാണ് ഫൈസല്‍ റാസി ബിഗ്ഗ് ബോസിന്റെ അമരക്കാരനായി മാറിയത്. 100 ദിവസങ്ങളായി നടക്കുന്ന ഷോയിലെ 24 മണിക്കൂറിലുമുള്ള കാര്യങ്ങളെ ഏകോപിപ്പിച്ച് ഒന്നര മണിക്കൂറാക്കി മാറ്റുകയാണ് ഫൈസല്‍ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ജോലി. സിനിമയോ സീരിയലോ പോലെ അല്ലെങ്കിലും ശ്രമകരമായ ഈ ദൗത്യം വിജയകരമാക്കാന്‍ ഫൈസലിന് സാധിച്ചിരുന്നു.

ഫൈസല്‍ റാസിയുടെ വാക്കുകള്‍ ഇങ്ങനെ :

‘ബിഗ്ഗ് ബോസ് വീടിനുള്ളില്‍ തലേന്ന് നടന്ന കാര്യങ്ങള്‍ പിറ്റേന്ന് രാവിലെ എഡിറ്റ് ചെയ്ത് വൈകുന്നേരം തന്നെ സംപ്രേക്ഷണം ചെയ്യേണ്ടതാണ്. 70 ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് എടുത്ത് അതില്‍ നിന്നും മികച്ചവ എഡിറ്റ് ചെയ്ത് ഒന്നോ ഒന്നരയോ മണിക്കൂറുള്ള എപ്പിസോഡ് ആക്കി മാറ്റണം. അതും വളരെ പെട്ടെന്ന് തന്നെ അതിന്റെ ഔട്ട്പുട്ട് ഇറക്കണം. അത്ര നിസ്സാരമല്ല കാര്യങ്ങള്‍. ഒരു നിമിഷം പോലും പാഴാക്കാന്‍ ആകില്ല.

കൊവിഡ് പ്രശ്നങ്ങള്‍ ഉണ്ടായിട്ടും 95ആം ദിവസമാണ് ഞങ്ങള്‍ ഷോ അവസാനിപ്പിച്ചത്. അത്രയും ദിവസം എത്തിച്ചതു തന്നെ വലിയ വെല്ലുവിളി ആയിരുന്നു.

പരസ്യ ചിത്രങ്ങള്‍ ചെയ്താണ് ഞാന്‍ ബിഗ്ഗ് ബോസിലേക്ക് എത്തിയത്. പരസ്യ ചിത്രങ്ങളിലൂടെ ടെക്നീഷ്യന്മാരെയും സെലബ്രിറ്റികളെയും പരിചയപ്പെട്ടിരുന്നു. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തു. അത് എല്ലാം ബിഗ്ഗ് ബോസില്‍ ഉപകാരപ്പെട്ടു.’

Comments: 0

Your email address will not be published. Required fields are marked with *