ഭക്ഷണപ്രിയരേ… ഇതിലേ.. ഇതിലേ.. ; ലോറന്റ് വെയ്റ്റിലെ വ്യത്യസ്ത രുചികള്‍

ജനസംഖ്യ കൂടുകയും ഉപഭോഗ വസ്തുക്കൾ കുറയുകയും ചെയ്യുന്ന ഈ കാലത്ത് ഭാവിയിലേക്ക് വിരൽചൂണ്ടുകയാണ് ലോറന്റ് വെയ്റ്റ് എന്ന ഭക്ഷണശാല. ലോറന്റ് വെയ്റ്റിലെ രുചികരമായ മെനു ഏവരെയും കൗതുകത്തിലാഴ്ത്തും. പുഴുവും ചെമ്മീനും ചേർത്ത സാലഡും, പച്ചക്കറികൾക്കിടയില്‍ ഇടയ്ക്കിടെ ചവയ്ക്കാവുന്ന മൊരിഞ്ഞ പ്രാണികളും, ചോക്ലേറ്റിൽ മുങ്ങിയ വെട്ടുക്കിളികളും ഇവിടുത്തെ പ്രധാന വിഭവങ്ങളാണ്.

പുഴുവിനെ ചേര്‍ത്ത് ഉണ്ടാക്കുന്ന പാസ്തയിൽ മധുരക്കിഴങ്ങും വഴറ്റിയ പ്രാണികളുടെ ലാർവയും ചേർക്കുന്ന വിഭവം ലോറന്റ് വെയ്റ്റിൽ നിന്നും ആദ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് അനുയോജ്യമായ വിഭവമാണെന്ന് അവർ പറയുന്നു. ‘ശരിക്കും രസകരമായ ചില സുഗന്ധങ്ങളുണ്ട് ഈ വിഭവത്തിന്. ആർക്കും തന്നെ ഇത് ഇഷ്ടമല്ലെന്ന് പറയാൻ കഴിയില്ല.’ എന്ന് അവർ കൂട്ടിച്ചേർത്തു.

യൂറോപ്യന്‍ ഫുഡ് സേഫ്റ്റി ഏജൻസി (ഇ.എഫ്.എസ്.എ) ജനുവരിയിൽ ഭക്ഷണപ്പുഴു മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും മെയ് മാസത്തിൽ വിപണിയിൽ വിൽക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ക്രിക്കറ്റും വെട്ടുക്കിളിയും ഉൾപ്പെടെ നിരവധി പ്രാണികളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്കായി ഒരു ഡസനിലധികം അപേക്ഷകൾ ഏജൻസിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഭാവിയിൽ സുസ്ഥിരമായ, കുറഞ്ഞ കാർബൺ പുറന്തള്ളുന്ന ആഹാര സ്രോതസ്സ് വാഗ്ദാനം ചെയ്യാൻ ഭക്ഷ്യപ്പുഴുക്കൾക്കും പ്രാണികൾക്കും കഴിയും.

സാധാരണ ഏതൊരു ഭക്ഷണശാലയിൽ നിന്നും കഴിക്കുന്നതിനെക്കാൾ മികച്ച അനുഭവമാണ് ലോറന്റ് വെയ്റ്റ് നൽകുന്നതെന്നും ഒരു പരമ്പരാഗത ഭക്ഷണശാലയിൽ ഇരുന്ന് സാധാരണ വിഭവങ്ങൾ കഴിക്കുന്നത് പോലെയേ തോന്നുകയുള്ളുവെന്നും ഭക്ഷണപ്രിയർ പറയുന്നു.

പച്ചക്കറികളും ഓട്സുകഞ്ഞിയും നൽകിയാണ് ലോറന്റ് വെയ്റ്റ് തങ്ങളുടെ ഭക്ഷ്യപുഴുക്കളെ വളർത്തുന്നത്. അനാകർഷകമായി ഇവ കാണപ്പെടുമെങ്കിലും ഇവയും ഇവയുടെ കറുത്ത ലാർവകളും പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. വൈവിധ്യമാര്‍ന്ന ഒരു ആഹാര പദാര്‍ത്ഥമാണ് ഭക്ഷ്യപുഴു. കറികളിലോ സലാഡുകളിലോ, അല്ലെങ്കിൽ പാസ്ത, ബിസ്കറ്റ് റൊട്ടി എന്നിവയ്ക്കായി മാവ് കുഴയ്ക്കുമ്പോഴോ ഇവയെ ഉപയോഗിക്കാം. ‘പ്രാണികൾ പോഷകഗുണമുള്ളവയാണ്. കൂടുതൽ ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷ്യരീതിയിലേക്കും ഭക്ഷ്യ സമ്പ്രദായത്തിലേക്കും മാറാൻ അവ നമ്മെ സഹായിക്കും.’ യൂറോപ്യൻ കമ്മീഷനിലെ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വക്താവ് സ്റ്റെഫാൻ ഡി. കീർ‌സ്മേക്കർ പറയുന്നു.

ലോറന്റ് വെയ്റ്റിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഇരട്ടിയാണ് ; പൊതുജനാഭിപ്രായം നേടുകയും, പ്രാണികളുടെ രുചിയെ മറ്റ് ഭക്ഷണങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുത്താമെന്ന് മനസിലാക്കുകയും ചെയ്യണം. ‘നിങ്ങൾ ശരിയായ രുചികളും ശരിയായ ചേരുവകളും കണ്ടെത്തണം. അതിന്റെ അനുഭവം മികച്ചതായിരിക്കും.’ ലോറന്റ് വെയ്റ്റ് തങ്ങളുടെ പാചകക്കാരോട് പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *