മദ്യം തൊട്ടിട്ട് ഒരു വര്‍ഷമായെന്ന് ചിമ്പു

ഏത് പ്രവര്‍ത്തിക്കും വിമർശനങ്ങൾ നേരിടേണ്ടി വരുന്ന തമിഴ് നടനാണ് സിലമ്പരസൻ എന്ന ചിമ്പു. എന്നാല്‍ ഇപ്പോഴത്തെ ചിമ്പുവിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് വിമർശനങ്ങളൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. താൻ മദ്യം പൂർണമായും ഉപേക്ഷിച്ചിട്ട് ഇന്നേക്ക് (ജൂൺ 22) കൃത്യം ഒരു വർഷമായി എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ട്വിറ്ററിൽ സംവദിക്കവെയാണ് താരത്തിന്റെ ഈ തുറന്ന് പറച്ചിൽ. മാനാട് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ട്വിറ്ററിൽ എസ് ജെ സൂര്യയും ചിമ്പുവും തമ്മിലുള്ള രസകരമായ സംഭാഷണം നടന്നത്. ഇതിനിടെയാണ് കഴിഞ്ഞ ഒരു വർഷംകൊണ്ട് വന്ന മാറ്റത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.

‘ആലോചിച്ചു നോക്കൂ. പ്രേംജിയെ പോലുള്ളവർക്കൊപ്പം ഒരു വർഷത്തോളം മാനാട് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടും എനിക്ക് മദ്യപിക്കാൻ തോന്നിയതേയില്ല.’ തമാശ രൂപേണ ചിമ്പു പറഞ്ഞു. മദ്യപിക്കാത്തതാണ് തന്റെ വ്യക്തി ജീവിതത്തിന് ഏറെ ഗുണമാകുകയെന്നും നടൻ പറയുന്നു.

ചിമ്പുവിന്റെ കമന്റിന് മുന്നിൽ എസ് ജെ സൂര്യയും വിട്ടു കൊടുത്തില്ല. ‘വെങ്കട് പ്രഭുവും പ്രേംജിയുമൊക്കെ കൊറോണയെ അകറ്റി നിർത്തുന്നത് മദ്യപാന ശീലം കൊണ്ടാണ്.’ എന്നായിരുന്നു എസ് ജെ സൂര്യയുടെ മറുപടി. എന്തായാലും ഇരുവരുടെയും ട്വിറ്റർ സംഭാഷണം ആരാധകരെ ഏറെ രസിപ്പിച്ചു.

Comments: 0

Your email address will not be published. Required fields are marked with *