മയക്കുമരുന്ന് നൽകി സിംഹത്തെ അലങ്കാര വസ്തുവായി ഉപയോഗിച്ചു

പാകിസ്ഥാനിലെ ഇൻഫ്ലുൻസറായ സൂസൻ ഖാന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുന്നത്. ആഘോഷത്തിന്റെ പേരിലല്ല, മറിച്ച് അവിടെ ഉപയോഗിച്ച ഒരു അലങ്കാര വസ്തുവിന്റെ പേരിലാണ് വീഡിയോ ശ്രദ്ധേയമാകുന്നത്. ജന്മദിനാഘോഷത്തിനിടയിൽ മയക്കുമരുന്ന് നൽകി ഒരു സിംഹത്തെ അലങ്കാര വസ്തുവായി ഉപയോഗിക്കുകയായിരുന്നു.

വിഡിയോയിൽ ചങ്ങല ധരിച്ച ഒരു സിംഹം സോഫയിൽ നിൽക്കുന്നത് കാണാം. അക്രമാസക്തനാവാതിരിക്കാൻ സിംഹത്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ സിംഹത്തിന്റെ വീഡിയോകൾ സൂസൻ തന്നെയാണ് പങ്കുവെച്ചത്. പിന്നീട് അനിമൽ റെസ്ക്യൂ ഓർഗനൈസേഷനായ പ്രൊട്ടക്റ്റ് സേവ് അനിമൽസ്, തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ ജന്മദിന പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചു.

“ഞങ്ങൾ ജന്മദിനത്തിന് എതിരല്ല, ആളുകൾക്ക് അവ ആഘോഷിക്കാൻ ഏതു മാർഗ്ഗം വേണമെങ്കിലും തിരഞ്ഞെടുക്കാം. എന്നാൽ ഇത്തരം ആഘോഷങ്ങളിൽ മൃഗങ്ങളെ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നതിനെ ഞാൻ ശക്തമായി എതിർക്കുന്നു. മിസ് സൂസന്റെ ജന്മദിനത്തിൽ സംഭവിച്ചത് അതാണ്. സിംഹത്തിനെ ചങ്ങലയിൽ ബന്ധിച്ച് ഒരു വസ്തുവിനെപ്പോലെ പരേഡ് ചെയ്യിപ്പിച്ചു. നിങ്ങളെപ്പോലെ തന്നെ ശ്വസിക്കാനും ജീവിക്കാനും വേദനകൾ അറിയാനും ശേഷിയുള്ള ജീവികളാണ് ഇവയെന്ന് എന്തുകൊണ്ടാണ് നിങ്ങൾ മറന്നു പോകുന്നത്. ആരെങ്കിലും നിങ്ങളെ മയക്കി, ചങ്ങലകളിൽ ബന്ധിച്ച് ഉച്ചത്തിലുള്ള സംഗീതം വെച്ച്, ആളുകൾ നിലവിളിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടാൽ നിങ്ങൾക്ക് എന്തു തോന്നും? മനുഷ്യൻ തന്നെ മനുഷ്യത്വം മറക്കുന്നത് എന്ത് വിരോധാഭാസമാണ്. ആഘോഷങ്ങളിൽ നിങ്ങളുടെ സമ്പത്തും പദവിയും കാണിക്കാൻ ഉപയോഗിക്കാവുന്ന അലങ്കാരങ്ങളല്ല മൃഗങ്ങൾ,” അവർ കുറിച്ചു.

ഈ സംഭവത്തെ തുടർന്ന് അനിമൽ റെസ്ക്യൂ ഓർഗനൈസേഷന്റെ സ്ഥാപകൻ വന്യമൃഗങ്ങളെ അലങ്കാരവസ്തുക്കളായി ഉപയോഗിക്കുന്നത് തടയാൻ ഒരു ഓൺലൈൻ നിവേദനം ആരംഭിക്കുകയും 1500 ഒപ്പുകളുടെ പിന്തുണ നേടുകയും ചെയ്തു.

വീഡിയോ കാണാം : https://www.instagram.com/p/CQWKmB0Bpgq/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *