മലപ്പുറത്ത് നിന്നും ഐ.എസ്.ആര്‍.ഒയിലേക്ക് ; എം.പി ഷഹീന്റെ വിജയഗാഥ

ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയില്‍ സയന്റിസ്റ്റ് – എന്‍ജിനിയര്‍ തസ്തികയില്‍ ഒന്നാം റാങ്കോടെ നിയമനം നേടി മലപ്പുറം മോങ്ങം സ്വദേശി എം.പി ഷഹീന്‍. എം.ടെക് ബിരുദധാരികളില്‍ നിന്ന് ഉന്നത മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ആര്‍.ഒ ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഇവരില്‍ നിന്ന് ചുരുക്കപട്ടികയില്‍ ഇടം നേടിയ 35 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയത്. അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ ഒന്നാമനായാണ് മലപ്പുറം മോങ്ങത്ത് തികച്ചും സാധാരണ രീതിയില്‍ ജീവിച്ചു വന്ന ഷഹീന്‍ ഈ നേട്ടം കൈവരിച്ചത്.

അടുത്ത ദിവസം തന്നെ നിയമന ഉത്തരവ് ലഭിക്കുമെന്ന് ഷഹീന്‍ പറഞ്ഞു. കൊട്ടൂക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഠനശേഷം കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് ബി.ടെക് നേടിയ ഷഹീന്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ ഡിസൈനിങ്ങില്‍ എം.ടെക്കും നേടിയിരുന്നു. പഠനവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ ഷഹീന്‍ ചെയ്തത് ജര്‍മ്മനിയിലെ ടെക്ക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഡ്രസ്റ്റിനിലാണ്.

ആന്ധ്രയിലെ ഗ്വാളിയോര്‍ റയോണ്‍സില്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ ആയിരുന്ന അബൂബക്കറിന്റെയും മോങ്ങം എ.എം.യു.പി സ്കൂള്‍ അധ്യാപികയായിരുന്ന ഹഫ്സത്തിന്റെയും മകനാണ് ഷഹീന്‍. പഠനകാലത്തു തന്നെ സ്വപ്നത്തിനു പിന്നാലെ യാത്ര തിരിച്ചുവെങ്കിലും ഐ.എസ്.ആര്‍.ഒയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നതായി ഷഹീന്‍ പറഞ്ഞു.

ഷഹീന്റെ ഭാര്യ ശബീബ ചെന്നൈയില്‍ ഡാറ്റ അനലിസ്റ്റാണ്. സഹോദരന്‍ ഷംസുദ്ദീന്‍ ഹൈദരാബാദ് നിസാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വൃക്കരോഗ വിദഗ്ദനാണ്. സഹോദരി ഹസ്ന ബീഗം കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ദയാണ്.

Comments: 0

Your email address will not be published. Required fields are marked with *