മലയാള സിനിമയിലെ കാന്‍ഡിഡ് ഹിറ്റ് മേക്കര്‍ സച്ചി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

സിനിമാക്കാരുടെ കൂടപിറപ്പായ, എന്നാല്‍ ലവലേശം ജാഡയില്ലാത്ത ചലച്ചിത്രകാരന്‍ ആയിരുന്നു സച്ചി. ഒരു തവണ പരിചയപ്പെട്ടാല്‍ ഹൃദയത്തില്‍ സ്ഥാനം നേടുന്ന ചലച്ചിത്ര മാന്ത്രികന്‍.. സിനിമയുടെ വിജയ ഫോര്‍മുലയെ തന്നെ ഒരു പരിധി വരെ നിര്‍ണ്ണയിച്ചിരുന്ന അപൂര്‍വ്വം തിരക്കഥാകൃത്തുകളില്‍ ഒരാള്‍.. എല്ലാ തലമുറകളും സച്ചിയുടെ സിനിമകള്‍ക്ക് ഒരുപോലെ കൈയടിച്ചു. അതേസമയം പുതുതലമുറയില്‍ പ്രണയവും നര്‍മ്മവും സംഘട്ടനവും എല്ലാം കൃത്യമായ അനുപാതത്തില്‍ ചേര്‍ന്ന മനോഹരമായ രസക്കൂട്ടുകളുടെ സമ്മേളനം നടത്താന്‍ സച്ചി വിദഗ്ദന്‍ ആയിരുന്നു.

മികച്ച തിരക്കഥാകൃത്തുക്കളില്‍ പലരും നല്ല സംവിധായകര്‍ ആയിരിക്കില്ല. എന്നാല്‍ ഒരേ സമയം നല്ല തിരക്കഥാകൃത്താകാനും നല്ല സംവിധായകനാവാനും കഴിഞ്ഞ അതുല്യ പ്രതിഭ ആയിരുന്നു സച്ചി.

സച്ചിയുടെ ഹൃസ്വമായ സിനിമാ ജീവിതം പോലും ആവശ്യത്തിന് സസ്പെന്‍സും ട്വിസ്റ്റും നിറഞ്ഞ, ജീവിത അഭിലാഷത്തിന്റെ ചൂട് ഒരിക്കലും മായാത്ത ഹിറ്റ് തിരക്കഥയാണ്. പൂജ നടത്താനുള്ള ആയുസ്സ് മാത്രം ഉണ്ടായിരുന്ന ആദ്യ സിനിമ.. അപ്രതീക്ഷിതമായി മറ്റൊരു സിനിമയിലൂടെ ജനമനസ്സുകളില്‍ വിലാസം നേടുക.. നടക്കാതെ പോയ ആദ്യ സിനിമ രണ്ടാമത്തെ സിനിമയായി സംഭവിക്കുക.. ആദ്യമായി സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ പൂര്‍ണ തിരക്കഥ മോഷണം പോവുക.. കൊച്ചിയില്‍ നഷ്ടമായ തിരക്കഥ തിരുവനന്തപുരത്തു നിന്ന് തിരിച്ചു കിട്ടുക.. അത് സിനിമയാവുകയും ബോക്സ്ഓഫീസ് വിജയം കൈവരിക്കുകയും ചെയ്യുക.. ഇങ്ങനെ ഒരു മികച്ച രസക്കൂട്ട് ആയിരുന്നു സച്ചിയുടെ സിനിമയെ അന്വേഷിച്ചുള്ള പരീക്ഷണങ്ങള്‍. സച്ചി ഒരുക്കിയ 12 സിനിമകളില്‍ 8 എണ്ണവും ഹിറ്റുകള്‍ ആയിരുന്നു. സിനിമയില്‍ തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് സച്ചി അപ്രതീക്ഷിതമായി വിടവാങ്ങിയത്.

സച്ചി എന്നും ആഗ്രഹിച്ചത് സിനിമയായിരുന്നു ; നിയോഗം അഭിഭാഷക വൃത്തിയും. എന്നും സച്ചിയുടെ മുന്നില്‍ നഷ്ടബോധം ഇല്ലാത്ത സിനിമാക്കാലം ആയിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും മാറ്റു കൂടുന്ന എഴുത്തും സൗഹൃദങ്ങളും!

‘അയ്യപ്പനും കോശിയും’ വിജയാരവം തീര്‍ക്കുമ്പോള്‍ സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് സച്ചി മാറി തുടങ്ങുകയായിരുന്നു. ഈഗോ വിഷയമാക്കി ഒന്നല്ല, രണ്ട് സൂപ്പര്‍ ഹിറ്റുകളാണ് സച്ചി ഒരുക്കിയത്. ‘ഡ്രൈവിങ് ലൈസന്‍സും’ ‘അയ്യപ്പനും കോശിയും’. സ്വയം എഴുതി സംവിധാനം ചെയ്യുമ്പോഴും മറ്റു സംവിധായകര്‍ക്കായി തിരക്കഥ എഴുതുന്നതില്‍ സച്ചിക്ക് ഈഗോ ഒരു തടസ്സം ആയിരുന്നില്ല. സൗഹൃദങ്ങള്‍ക്ക് അധികം വേരോട്ടമില്ലാത്ത സിനിമാലോകത്ത് അവിടെയും സച്ചിയുടെ സ്ഥാനം മുഴച്ചുനിന്നു. അടുക്കും ചിട്ടയുമുള്ളതായിരുന്നു സച്ചിയുടെ ഓരോ കാച്ചിക്കുറുക്കിയ തിരക്കഥയും.

ഉജ്ജ്വല സിനിമയായി ‘അയ്യപ്പനും കോശിയും’ ആഘോഷിക്കപ്പെടുമ്പോള്‍ സച്ചിയുടെ സിനിമകള്‍ പോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതവും വല്ലാത്തൊരു ട്വിസ്റ്റോടെ മറയുകയായിരുന്നു ; ഒരുപാട് മികച്ച തിരക്കഥകളെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ സമയം തികയാതെ.. മലയാള സിനിമയുടെ കാന്‍ഡിഡ് ഹിറ്റ് മേക്കറിന് സിനിമാ ആസ്വാദകരുടെ ബാഷ്പപുഷ്പങ്ങള്‍!

Comments: 0

Your email address will not be published. Required fields are marked with *