മാങ്ങകളുടെ റാണിക്ക് ഗംഭീര വിളവെടുപ്പ്

മാങ്ങകളുടെ റാണി എന്ന പേരില്‍ അറിയപ്പെടുന്ന നൂര്‍ജഹാന്‍ മാങ്ങകള്‍ക്ക് ഗംഭീര വിളവെടുപ്പ്. കാലാവസ്ഥ അനുയോജ്യമായതോടെ ഇത്തവണ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും ഉറപ്പായിട്ടുണ്ട്. നൂര്‍ജഹാന്‍ മാങ്ങ ഒന്നിന് ഈ സീസണില്‍ 500 മുതല്‍ 1000 രൂപ വരെയാണ് വില. ഭാരം 2 മുതല്‍ 3.5 കിലോ വരെയുണ്ട്.

നൂര്‍ജഹാന്‍ മാങ്ങയുടെ സ്വദേശം അഫ്ഗാനിസ്ഥാനാണ്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ അലിരാജ്പുര്‍ ജില്ലയില്‍ മാത്രമാണ് ഈ ഇനം മാങ്ങകള്‍ കൃഷി ചെയ്യപ്പെടുന്നത്. നൂര്‍ജഹാന്‍ കൃഷി ചെയ്ത ഒട്ടുമിക്ക കര്‍ഷകരും ഈ സീസണിലെ വിളവെടുപ്പില്‍ സംതൃപ്തരാണ്. ഒരു കര്‍ഷകന് മൂന്നു മാവുകളില്‍ നിന്നുതന്നെ 250ല്‍പ്പരം മാങ്ങകള്‍ ലഭിച്ചു. ഇവയുടെയെല്ലാം ബുക്കിംഗ് വളരെ മുന്‍പ് തന്ന് പൂര്‍ത്തിയായതാണ്. മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള മാമ്പഴ പ്രേമികളാണ് ഭൂരിഭാഗം ബുക്കിംഗും നടത്തിയിരിക്കുന്നത്.

മാങ്ങയുടെ വിളവെടുപ്പ് ഗംഭീരമാണെങ്കിലും കൊവിഡ് വ്യാപനത്തില്‍ ബിസിനസ് മോശമാകുമോയെന്ന് ചില കര്‍ഷകരെങ്കിലും ആശങ്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അനുകൂല കാലാവസ്ഥ ലഭിക്കാഞ്ഞതിനാല്‍ മാമ്പഴങ്ങളുടെ ഭാരവും വിലയും കുറവായിരുന്നു. 2019ല്‍ ശരാശരി 2.75 കിലോ ഭാരം വരെയുള്ള മാങ്ങയ്ക്ക് 1200 രൂപ വരെ വില ലഭിച്ചിരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പൂക്കുന്ന മാവില്‍ നിന്നും ജൂണോടെയാണ് വിളവെടുപ്പ് നടക്കുക.

Comments: 0

Your email address will not be published. Required fields are marked with *