മാങ്ങകളെ സംരക്ഷിക്കാൻ നാല് കാവൽക്കാരെയും ആറ് നായകളെയും നിയോഗിച്ച് ഈ കുടുംബം

മാമ്പഴം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വീട്ടുമുറ്റത്തെ മാമ്പഴങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കുകയാണ് ഈ ദമ്പതികൾ. രണ്ട് മാവുകളെ സംരക്ഷിക്കാൻ ഇവർ നാല് കാവൽക്കാരെയും ആറ് നായകളെയുമാണ് നിയോഗിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ ഓർക്കിഡിസ്റ്റുകളായ റാണിയും സങ്കല്പ് പരിഹാറുമാണ് ഈ അസാധാരണമായ പ്രവർത്തി ചെയ്തിരിക്കുന്നത്. എന്നാൽ ഇതിന് പിന്നില്‍ രസകരമായ ഒരു കാരണമുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് റാണിയും സങ്കല്പും രണ്ട് മാവിൻ തൈകൾ പറമ്പിൽ നട്ടത്. എന്നാൽ ഇവ വളർന്ന് അസാധാരണമായ ചുവപ്പ് നിറമുള്ള ജാപ്പനീസ് മിയസാക്കിയായി മാറുമെന്ന് ഇവർക്ക് അറിയില്ലായിരുന്നു.

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴങ്ങളാണ് മിയസാക്കി മാമ്പഴങ്ങൾ. സൂര്യന്റെ മുട്ട എന്നും അറിയപ്പെടുന്ന മിയസാക്കി മാമ്പഴങ്ങൾ കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് 2.70 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്ന് ജപ്പാനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ ഫലത്തിന്റെ മൂല്യം പ്രാദേശികമായി അറിഞ്ഞതിനു ശേഷം കഴിഞ്ഞ വർഷം ചില മോഷ്ടാക്കൾ തോട്ടത്തില്‍ അതിക്രമിച്ച് കയറി മാമ്പഴങ്ങൾ മോഷ്ടിച്ചുവെന്ന് ഈ കർഷക ദമ്പതികൾ പറഞ്ഞു. ഇത്തവണ ഇത് ആവർത്തിക്കാതിരിക്കാനാണ് നാല് കാവൽക്കാരെയും ആറ് നായക്കളെയും ഇവര്‍ വിനയോഗിച്ചത്. ഏഴ് മാമ്പഴങ്ങളാണ് ഇത്തവണ ഈ മാവുകളിൽ ഉണ്ടായത്.

തോട്ടത്തിലേക്ക് കുറച്ച് തൈകൾ വാങ്ങാനായി ചെന്നൈയിലേക്ക് പോകുന്ന വഴിയാണ് ഈ അപൂർവ്വമായ മാവിൻതൈകൾ പരിഹാറിന് ലഭിച്ചത്.
ട്രെയിനിൽ കണ്ടുമുട്ടിയ ഒരു മനുഷ്യൻ ഇവ സമ്മാനമായി നൽകുകയായിരുന്നു. ‘അദ്ദേഹം ഈ തൈകൾ എനിക്ക് വാഗ്ദാനം ചെയ്തു. ഞങ്ങളുടെ കുഞ്ഞുങ്ങളെപ്പോലെ ഈ ചെടികളെ പരിപാലിക്കാൻ ആവശ്യപ്പെട്ടു. ഏത് തരത്തിലുള്ള മാമ്പഴം ഉത്പാദിപ്പിക്കുമെന്ന് അറിയാതെ ഞങ്ങൾ അത് പൂന്തോട്ടത്തിൽ നട്ടു. മാമ്പഴങ്ങൾക്ക് ദാമിനി എന്നാണ് പേരിട്ടിരുന്നത്. പിന്നീട്, ഞങ്ങൾ ഈ ഇനത്തെക്കുറിച്ച് ഗവേഷണം നടത്തി യഥാർത്ഥ പേര് കണ്ടെത്തി. പക്ഷേ ഇത് ഇപ്പോഴും എനിക്ക് ദാമിനിയാണ്.’ പരിഹാർ പറഞ്ഞു.

മിയസാക്കി മാമ്പഴം വാങ്ങാൻ പലരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സങ്കല്പിന്റെ ഭാര്യ റാണി പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ഒരു ജ്വല്ലറിക്കാരൻ മാമ്പഴത്തിന് 21,000 രൂപ വീതം നൽകാൻ തയ്യാറാണെന്നും അവർ പറഞ്ഞു. എന്നാൽ തത്കാലത്തേക്ക് മാമ്പഴം ആർക്കും തന്നെ വിൽക്കേണ്ട എന്നും, അവ പൂർണ വളര്‍ച്ച എത്തട്ടെ എന്നും തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍ ദമ്പതികൾ.

ജപ്പാനിലെ മിയസാക്കി നഗരത്തിലാണ് മിയസാക്കി മാമ്പഴങ്ങൾ വളരുന്നത്. ഒരു മാങ്ങയുടെ ഭാരം ഏകദേശം 350 ഗ്രാമിൽ കൂടുതൽ വരും. ഇവയിൽ 15 ശതമാനത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈ മാമ്പഴങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഇവയുടെ വിളവെടുപ്പ് നടത്തുന്നത്.

Comments: 0

Your email address will not be published. Required fields are marked with *